മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മൽസരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബോളർമാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ സ്പിൻ ദ്വയമായ ആർ.അശ്വിൻ–രവീന്ദ്ര ജഡേജ എന്നിവർക്ക് ഇത്തവണയും വിശ്രമം അനുവദിച്ചു. വെറ്ററൻ താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവർക്ക് ഇത്തവണയും ടീമിൽ ഇടം നേടാനായില്ല. സെപ്റ്റംബർ 17നാണ് പരമ്പരയിലെ ആദ്യ ഏകദിനം.
ശ്രീലങ്കൻ പര്യടനത്തിനു പോയ 15 അംഗ ടീമിലെ ഷാർദുൽ താക്കൂറിനെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. നാലു മൽസരങ്ങളിൽനിന്ന് 64 റൺസ് മാത്രം നേടിയ (അതിൽ 63 റൺസും ഒറ്റ മൽസരത്തിൽ നേടിയതാണ്) കേദാർ ജാദവിന്റെ സ്ഥാനം സംശയത്തിലായിരുന്നെങ്കിലും, ജാദവിന് ഒരു അവസരം കൂടി നൽകാനാണ് സെലക്ടർമാർ തീരുമാനിച്ചത്. പാർട് ടൈം സ്പിന്നറെന്ന നിലയിലും കേദാർ നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് താരത്തെ ടീമിൽ നിലനിർത്തിയിരിക്കുന്നത്.
2019 ലോകകപ്പ് ലക്ഷ്യമാക്കി ടീം പിന്തുടരുന്ന റൊട്ടേഷൻ സമ്പ്രദായമനുസരിച്ചാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് അറിയിച്ചു. അതനുസരിച്ചാണ് അശ്വിനും ജഡേജയ്ക്കും വിശ്രമം അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ടീമംഗങ്ങളുടെ പ്രകടനം മികച്ചതായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ പ്രസാദ്, യുസ്‌വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി.
ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.