നാഗ്പുർ ∙ ബെംഗളൂരുവിൽ കിട്ടിയ ‘പത്തിന്റെ പണി’ക്ക് നാഗ്പുരിൽ തിരിച്ചടിച്ച് ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ, 4–1 ന്റെ തകർപ്പൻ വിജയത്തോടെ പരമ്പരയ്ക്കും വിരാമമിട്ടു. ഓസ്ട്രേലിയ ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം 43 പന്തു ബാക്കിനിർത്തിയാണ് ഇന്ത്യ മറികടന്നത്. നഷ്ടപ്പെടുത്തിയത് മൂന്നു വിക്കറ്റ് മാത്രം. ഏകദിനത്തിൽ 10 തുടർവിജയങ്ങളെന്ന സ്വപ്നത്തിന്റെ കടയ്ക്കൽ കോടാലിവച്ച ഓസീസിനു മുന്നിൽ വീണ്ടും പരാജയവഴി തുറന്നിട്ട ഇന്ത്യ, ബെംഗളൂരുവിലെ തോൽവി സമ്മാനിച്ച സങ്കടങ്ങളെല്ലാം നാഗ്പുരിൽ കുടഞ്ഞുകളഞ്ഞു. കഴിഞ്ഞ മൽസരത്തിലെ തോൽവിയോടെ കൈവിട്ട ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും കോഹ്‍ലിപ്പട തിരിച്ചുപിടിച്ചു.
സ്കോർ: ഓസ്ട്രേലിയ – 50 ഓവറിൽ ഒൻപതിന് 242. ഇന്ത്യ 42.5 ഓവറിൽ മൂന്നിന് 243.
നാലാം ഏകദിനത്തിൽ തോൽവിയിലേക്കു നയിച്ച പിഴവുകളെല്ലാം തിരുത്തിയാണ് ഇത്തവണ ഇന്ത്യ കളത്തിലിറങ്ങിയത്. ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ബുംറയെയും മടക്കിവിളിച്ച് ആദ്യം ബോളിങ് ആക്രമണത്തിന്റെ മൂർച്ച വീണ്ടെടുത്തു. പുറത്തായത് ഉമേഷ് യാദവും മുഹമ്മദ് ഷാമിയും. യുസ്‌വേന്ദ്ര ചാഹലിനു പരുക്കേറ്റതോടെ കുൽദീപ് യാദവിന്റെ മടങ്ങിവരവിനും വഴിയൊരുങ്ങി. മൂവർ സംഘത്തിന്റെ തിരിച്ചുവരവ് ഇന്ത്യൻ പ്രകടനത്തിൽ പ്രകടമായി കണ്ടു. കഴിഞ്ഞ തവണ 330 കടന്ന ഓസീസ് സ്കോർ, ഇത്തവണ 200 കടക്കാൻ തന്നെ പണിപ്പെട്ടു.
ബാറ്റിങ്ങിലും ഇന്ത്യൻ താരങ്ങളുടെ സർവാധിപത്യമായിരുന്നു. തുടർച്ചയായ നാലാം മൽസരത്തിലും അർധസെഞ്ചുറി തികച്ച അജിങ്ക്യ രഹാനെ. തുടർച്ചയായി നേടിയ രണ്ട് അർധസെഞ്ചുറികൾക്ക് മൂന്നാം മൽസരത്തിലെ സെഞ്ചുറിയിലൂടെ തുകിലു ചാർത്തിയ രോഹിത് ശർമ. പരമ്പരയിലെ തുടർച്ചയായ മൂന്നാം മൽസരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും ഇന്ത്യൻ വിജയത്തിന്റെ ആണിക്കല്ലായി. രഹാനെ പുറത്തായശേഷം കോഹ്‍ലിയുമൊത്ത് സെഞ്ചുറിയോളം പോന്നൊരു അർധസെഞ്ചുറി കൂട്ടുകെട്ട് (99) തീർത്ത രോഹിത് ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. വിജയം കയ്യകലെ നിൽക്കെ ഇരുവരും അനാവശ്യമായി വിക്കറ്റു നഷ്ടപ്പെടുത്തിയെങ്കിലും, കേദാർ ജാദവും മനീഷ് പാണ്ഡെയും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
ഇൻഡോറിൽ 139 റൺസിന്റെ കൂട്ടുകെട്ടു തീർത്ത് വിസ്മയിപ്പിച്ച രോഹിത്–രഹാനെ സഖ്യം, ഇന്ത്യ തോറ്റ ബെംഗളൂരു ഏകദിനത്തിലും 106 റൺസിന്റെ കൂട്ടുകെട്ടു തീർത്തിരുന്നു. ഇത്തവണയത് 124 റൺസായി. ഇതോടെ, ഈ വർഷം ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യ നേടിയ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണം എട്ടായി ഉയർന്നു. ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തിലെ ആദ്യ സംഭവം. 2002ലും 2007ലും ഏഴു തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ഇന്ത്യ.
14–ാം ഏകദിന സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശർമ അതിനിടെ മറ്റൊരു ശ്രദ്ധേയ നേട്ടവും പിന്നിട്ടു. ഏകദിനത്തിൽ 6000 റൺസ് സ്വന്തമാക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ താരം. 168–ാം മൽസരത്തിലാണ് രോഹിതിന്റെ റെക്കോർഡ് നേട്ടം. ഇപ്പോഴും മൽസര ക്രിക്കറ്റിൽ ഉള്ളവരിൽ രോഹിതിനു മുന്നിലുള്ളത് മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്‍ലി, യുവരാജ് സിങ് എന്നിവർ മാത്രം.
74 പന്തിൽ ഏഴു ബൗണ്ടറി ഉൾപ്പെടെ 61 റൺസെടുത്ത അജിങ്ക്യ രഹാനെ ഇടയ്ക്കു മടങ്ങിയെങ്കിലും, ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയെ മറ്റൊരു അവിസ്മരണീയ വിജയത്തിലേക്കു അടുപ്പിച്ചു. 109 പന്തുകൾ നേരിട്ട രോഹിത് 125 റണ്‍സെടുത്തു പുറത്തായി. 11 ബൗണ്ടറിയും അഞ്ചു പടുകൂറ്റൻ സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. വിജയം തൊട്ടടുത്തെത്തിയതിന്റെ ആവേശത്തിൽ കൂറ്റനടിക്കു ശ്രമിച്ച കോഹ്‍ലിയും പിന്നാലെ മടങ്ങിയെങ്കിലും കേദാർ ജാദവും മനീഷ് പാണ്ഡെയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 55 പന്തു നേരിട്ട കോഹ്‍ലി, രണ്ടു ബൗണ്ടറി ഉൾപ്പെടെ 39 റൺസെടുത്തു. പാണ്ഡെ 11 റൺസോടെയും ജാദവ് അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് കുറിച്ചത് 242 റൺസ്. അർധസെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണറാണ് (62 പന്തിൽ 53) അവരുടെ ടോപ്സ്കോറർ. ഒന്നാം വിക്കറ്റിൽ വാർണർ ഫിഞ്ച് സഖ്യവും (66) അഞ്ചാം വിക്കറ്റിൽ ട്രാവിസ് ഹെഡ്–സ്റ്റോയ്നിസ് സഖ്യവും (87) അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തു. ഒന്നാം വിക്കറ്റിലെ അർധസെഞ്ചുറി കൂട്ടുകെട്ടിനു പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി പ്രതിസന്ധിയിലായ ഓസീസിനെ, അഞ്ചാം വിക്കറ്റിൽ ഹെഡ്–സ്റ്റോയ്നിസ് സഖ്യമാണ് കരകയറ്റിയത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ 10 ഓവറിൽ 38 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ രണ്ടും പാണ്ഡ്യ, ജാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.