Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തിൽ ‘പത്തി താഴ്ത്തി’ ഇന്ത്യ; ബെംഗളൂരു ഏകദിനത്തിൽ 21 റൺസ് തോൽവി

Kohli-Out ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി പുറത്തായപ്പോൾ ഓസീസ് താരങ്ങളുടെ ആഹ്ലാദം.

ബെംഗളൂരൂ ∙ തുടർച്ചയായ 10–ാം ഏകദിന വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയുടെ വക ചെറിയൊരു ‘ഷോക്ക്’. പരമ്പരയിലാദ്യമായി സ്കോർ 300 കടന്ന മൽസരത്തിൽ 21 റൺസിനാണ് ഇന്ത്യയുടെ തോൽവി. 335 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 313 റൺസെടുക്കാനെ കഴി‍ഞ്ഞുള്ളൂ. ഓസ്ട്രേലിയയ്ക്കായി റിച്ചാർഡ്സൻ മൂന്നും കോൾട്ടർനീൽ രണ്ടും വിക്കറ്റു വീഴ്ത്തി.

ആദ്യ മൂന്നു മൽസരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, ചരിത്രത്തിലാദ്യമായി ഏകദിനത്തിൽ 10 തുടർവിജയങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ബെംഗളൂരുവിൽ നഷ്ടമായത്. കരിയറിലെ 100–ാം ഏകദിനം തകർപ്പൻ സെഞ്ചുറിയുമായി ‘കളർഫുൾ’ ആക്കിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ സെഞ്ചുറിയാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. തുടർച്ചയായ ഒൻപതു വിജയങ്ങൾക്കുശേഷം ഇന്ത്യ ആദ്യ തോൽവി വഴങ്ങിയപ്പോൾ, വിദേശത്തു തുടർച്ചയായ 11 തോൽവികൾക്കുശേഷമാണ് ഓസീസ് വിജയവഴിയിലേക്ക് തിരികെയെത്തിയത്.

ഇന്ത്യയ്ക്കായി അജിങ്ക്യ രഹാനെ (66 പന്തിൽ 53), രോഹിത് ശർമ (55 പന്തിൽ 65), കേദാർ ജാദവ് (69 പന്തിൽ 67) എന്നിവർ അർധസെഞ്ചുറി നേടി. ഹാർദിക് പാണ്ഡ്യ 40 പന്തിൽ ഒരു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 41 റൺസും, മനീഷ് പാണ്ഡെ 25 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 33 റൺസുമെടുത്ത് പുറത്തായി. തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാരായ രോഹിതും രഹാനെയും മികച്ച തുടക്കം സമ്മാനിച്ചെങ്കിലും തുടർന്ന് വന്നവർക്ക് ഈ മികവു തുടരാനാകാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 106 റൺസെടുത്തു. നാലാം വിക്കറ്റിൽ ജാദവ്–പാണ്ഡ്യ സഖ്യവും (78), അഞ്ചാം വിക്കറ്റിൽ ജാദവ്–പാണ്ഡെ സഖ്യവും (61) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി (21 പന്തിൽ 21), സ്ഥിരം രക്ഷകൻ എം.എസ്.ധോണി (10 പന്തിൽ 13) എന്നിവർക്കു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. അക്ഷർ പട്ടേൽ ആറു പന്തിൽ അഞ്ചു റൺസെടുത്തു പുറത്തായി. മുഹമ്മദ് ഷാമി (ആറു പന്തിൽ ആറ്), ഉമേഷ് യാദവ് (രണ്ടു പന്തിൽ രണ്ട്) എന്നിവർ പുറത്താകാതെ നിന്നു.

നൂറാം ഏകദിനത്തിൽ സെഞ്ചുറിയുമായി വാർണർ

കരിയറിലെ നൂറാം ഏകദിനത്തിന് മഴവില്ലഴകുള്ള സെഞ്ചുറിയുടെ നിറച്ചാർത്ത് സമ്മാനിച്ച് ഡേവിഡ് വാർണർ (119 പന്തിൽ 124). കഴിഞ്ഞ മൽസരത്തിലെ സെഞ്ചുറി പ്രകടനത്തോളമെത്തിയ അർധസെഞ്ചുറിയുമായി സഹ ഓപ്പണർ ആരോൺ ഫിഞ്ച് (96 പന്തിൽ 94). ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (231) തീർത്ത് ഇരുവരും നിറഞ്ഞാടിയ ഇന്നിങ്സിനൊടുവിൽ അവസാന ഓവറുകളിലെ ഭേദപ്പെട്ട പ്രകടനത്തിലൂടെ സാന്നിധ്യമറിയിച്ച് ഇന്ത്യൻ ബോളർമാർ. പരമ്പര കൈവിട്ടെങ്കിലും നാണക്കേടു മറയ്ക്കാനൊരുങ്ങി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലിറങ്ങിയ ഓസ്ട്രേലിയ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മുന്നിലുയർത്തിയത് 335 റൺസ് വിജയലക്ഷ്യം. പരമ്പരയിൽ ആദ്യമായാണ് ഒരു ടീം 300 കടന്നത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് 10 ഓവറിൽ 71 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

100-ാം ഏകദിനത്തിൽ സെഞ്ചുറി കുറിക്കുന്ന എട്ടാമത്തെ താരമെന്ന നേട്ടത്തോടെയായിരുന്നു വാർണറിന്റെ 14–ാം ഏകദിന സെഞ്ചുറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓസീസ് താരവും കഴിഞ്ഞ 10 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ് വാർണർ.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറക്കുന്ന ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോർഡിട്ട ശേഷമാണ് ഫിഞ്ച്–വാർണർ കൂട്ടുകെട്ട് വഴിപിരിഞ്ഞത്. 2011 ലോകകപ്പിൽ കാനഡയ്ക്കെതിരെ ഓസ്ട്രേലിയയുടെ തന്നെ വാട്സനും ഹാഡിനും ചേർന്ന് പടുത്തുയർത്തിയ 183 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ പഴങ്കഥയാക്കിയത്. 2013നുശേഷം ഇന്ത്യൻ മണ്ണിൽവച്ച് ഇന്ത്യയ്ക്കെതിരെ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർക്കുന്ന ആദ്യ സഖ്യമായും ഇവർ മാറി. 2013–14ൽ ഫിഞ്ച്–ഹ്യൂഗ്സ് സഖ്യമാണ് മുൻപ് ഈ നേട്ടം കരസ്ഥമാക്കിയത്.

ബോളിങ്ങിൽ പരീക്ഷണവുമായി ഇന്ത്യ

പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ബോളിങ് ആക്രമണത്തിലെ കുന്തമുനകൾക്കു പകരം പുതിയ താരങ്ങളെ പരീക്ഷിച്ചാണ് ബെംഗളൂരു ഏകദിനത്തിൽ ഇന്ത്യ ഇറങ്ങിയത്. ഭുവേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർക്കു പകരം ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, അക്ഷർ പട്ടേൽ എന്നിവർ ടീമിൽ ഇടംനേടി. ഓസ്ട്രേലിയ ആകട്ടെ മാക്സ്‍‌വെൽ, ആഷ്ടൻ ആഗർ എന്നിവർക്കു പകരം മാത്യു വെയ്ഡ്, ആദം സാംപ എന്നിവരെ ഉൾപ്പെടുത്തി.