Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാണ്ഡ്യ, രോഹിത്, രഹാനെ മിന്നി; ഇൻഡോറിലും ഇന്ത്യൻ വിജയപർവ്വം, പരമ്പര

PTI9_24_2017_000160B ഇന്ത്യയ്ക്കായി 71 റൺസെടുത്ത രോഹിത് ശർമയുടെ ബാറ്റിങ്.

ഇൻഡോർ ∙ തോൽവി ഇനിയും ഇന്ത്യയെ തൊടാൻ മടിക്കുന്ന ഇൻഡോർ ഹോൽക്കർ സ്റ്റേഡിയം ഒരിക്കൽക്കൂടി കോഹ്‌ലിപ്പടയുടെ ഭാഗ്യ മൈതാനമായി. പരമ്പരയിലെ ഏറ്റവും മികച്ച സ്കോർ കണ്ടെത്തി വെല്ലുവിളിച്ച ഓസീസിനെ അയത്‌നലളിതമായ ബാറ്റിങ്ങിലൂടെ മറികടന്ന ഇന്ത്യയ്ക്ക് ഹാട്രിക്ക് വിജയത്തോടെ പരമ്പര. രണ്ടു മൽസരങ്ങൾ ഇനിയും ബാക്കിയും. ചെന്നൈയിലും കൊൽക്കത്തയിലുമായി നടന്ന ആദ്യ രണ്ടു മൽസരങ്ങളിലും വിജയമധുരം നുണഞ്ഞ ഇന്ത്യ തുടർച്ചയായ മൂന്നാം ജയത്തോടെയാണ് ഇൻഡോറിൽ കിരീടം ഉറപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുത്തപ്പോൾ, 13 പന്തുകൾ ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. വിജയം അഞ്ചു വിക്കറ്റിന്.

പരമ്പരയിലാദ്യമായി അവസരം ലഭിച്ച ഓപ്പണർ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറിയാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലെങ്കിൽ, ഓപ്പണർമാരായ രോഹിത് ശർമ (71), അജിങ്ക്യ രഹാനെ (70), യുവ വിസ്മയം ഹാർദിക് പാണ്ഡ്യ (78) എന്നിവരുടെ അർധസെഞ്ചുറികളിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. രണ്ടാം വിക്കറ്റിൽ ഓസീസിനായി ആരോൺ ഫിഞ്ച് – സ്റ്റീവ് സ്മിത്ത് സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടിന് ഓപ്പണിങ് വിക്കറ്റിലെ രോഹിത്–രഹാനെ സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ടിലൂടെയും ഇന്ത്യ മറുപടി നൽകി. മൂന്നാം വിക്കറ്റിൽ കോഹ്‍ലി–പാണ്ഡ്യ (56) സഖ്യവും അഞ്ചാം വിക്കറ്റിൽ പാണ്ഡ്യ–പാണ്ഡെ (78) സഖ്യവും കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകളും ഇന്ത്യൻ ഇന്നിങ്സിന് മുതൽക്കൂട്ടായി. എന്തായാലും ഇന്ത്യൻ മണ്ണിലേറ്റ ഈ തിരിച്ചടി ഓസീസ് ക്രിക്കറ്റിനെ ഏറെക്കാലം വേട്ടയാടുമെന്നുറപ്പ്!

ഈ വിജയത്തോടെ തുടർച്ചയായ ആറാം പരമ്പര ജയമാണ് ഇന്ത്യ ഉറപ്പിച്ചിരിക്കുന്നത്. പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ ഓസീസിനിത് തുടർച്ചയായ രണ്ടാം പരമ്പര തോൽവിയും. തുടർച്ചയായ ഒൻപതാം വിജയത്തോടെ ഇന്ത്യ മികവിന്റെ ഉയരങ്ങളിലേക്കു കുതിക്കുമ്പോൾ, തുടർച്ചയായ ആറാം തോൽവി വഴങ്ങിയ ഓസീസിനിത് തിരിച്ചിറക്കത്തിന്റെ കാലമാണ്. വിദേശ പിച്ചുകളിൽ തുടർച്ചയായ 11–ാം തോൽവിയാണിതെന്നത് പരാജയത്തിന്റെ കയ്പ് വർധിപ്പിക്കുന്നു.

അടിസ്ഥാനമിട്ട് രോഹി‍ത്–രഹാനെ

ഓസീസ് ഉയർത്തിയ താരതമ്യേന ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് രോഹിതും രഹാനെയും ബാറ്റെടുത്തത്. ആദ്യ ഓവറുകളിൽ റൺസ് അധികം വന്നില്ലെങ്കിലും ഇരുവരും നങ്കൂരമിട്ടു. നിലയുറപ്പിച്ചതിനു പിന്നാലെ ഇരുവരും ആക്രമണത്തിന്റെ വഴിയിലേക്ക് മാറിയതോടെ ഇന്ത്യൻ സ്കോർബോർഡിലേക്ക് റൺസൊഴുകി. 15 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 100 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.

മൂന്നു ഫോറും നാലു സിക്സും ഉൾപ്പെട്ട ഇന്നിങ്സിനൊടുവിൽ വെറും 42 പന്തിൽ രോഹിത് അർധസെഞ്ചുറിയിലേക്കെത്തി. 50 പന്തിൽ അർധസെഞ്ചുറി കടന്ന രഹാനെ അതിനിടെ സ്വന്തമാക്കിയത് ഏഴു ബൗണ്ടറികൾ. സ്കോർ 139ൽ നിൽക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റു നഷ്ടമായി. 62 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 71 റൺസെടുത്ത രോഹിത് ശർമ കോൾട്ടർനീലിന്റെ പന്തിൽ കാട്ടിയ ആവേശം പകരക്കാരൻ ഫീൽഡർ കാർട്ട്‌റൈറ്റിന്റെ കൈകളിൽ അവസാനിച്ചു. വൻ സ്കോറിന് അടിത്തറയിട്ടിട്ടും അതു മുതലാക്കാനാകാതെ രോഹിത് മടങ്ങി. അധികം താമസിയാതെ രഹാനെയും കൂടാരം കയറി. 76 പന്തിൽ ഒൻപതു ബൗണ്ടറികളോടെ 70 റൺസെടുത്ത രഹാനയെ കുമ്മിൻസ് വിക്കറ്റിനു മുന്നിൽ കുരുക്കി.

2014നു ശേഷം ആദ്യമായി സ്വന്തം നാട്ടിൽ ഇന്ത്യൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നതിനും ഇൻഡോറിലെ കാണികൾ സാക്ഷികളായി. ശ്രീലങ്കയ്ക്കെതിരെ രഹാനെ–ധവാൻ സഖ്യം കൂട്ടിച്ചേർത്ത 231 റൺസിന്റെ കൂട്ടുകെട്ടിനുശേഷം ഇതാദ്യമായാണ് ഇന്ത്യൻ ഓപ്പണർമാർ സ്വന്തം നാട്ടിൽ സെഞ്ചുറി തൊട്ടത്. ഈ വർഷം ഇതുവരെ ഓപ്പണിങ് വിക്കറ്റിൽ അഞ്ചു തവണ സെഞ്ചുറി കൂട്ടുകെട്ട് തീർത്തെങ്കിലും അതെല്ലാം തന്നെ വിദേശ മണ്ണിലായിരുന്നു.

പടുത്തുയർത്തി കോഹ്‍ലി–പാണ്ഡ്യ

സെഞ്ചുറി കൂട്ടുകെട്ടു തീർത്ത് അടിസ്ഥാനമിട്ട രോഹിതും രഹാനെയും പുറത്തായതോടെ ഈഅടിസ്ഥാനത്തിൽ പണിതുയർത്താനുള്ള ചുമതല ലഭിച്ചത് കോഹ്‍ലി–പാണ്ഡ്യ സഖ്യത്തിന്. ക്ലാസ്സും പവർഹിറ്റും ഒത്തുചേർന്ന പ്രകടനവുമായി ഈ സഖ്യം ഇന്ത്യൻ ഇന്നിങ്സിന് കരുത്തു പകർന്നു. അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തതിനു പിന്നാലെ 35 പന്തിൽ 28 റൺസുമായി കോഹ്‍ലിയും തൊട്ടു പിന്നാലെ നാലു പന്തിൽ രണ്ടു റൺസുമായി കേദാർ ജാദവും വഴിപിരിഞ്ഞെങ്കിലും പകരമെത്തിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് പാണ്ഡ്യ ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. 45 പന്തിൽ ഒരു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ അർധസെഞ്ചുറി കടന്ന പാണ്ഡ്യ കരിയറിലെ നാലാം അർധസെ‍ഞ്ചുറിയും സ്വന്തമാക്കി. 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലർത്തിക്കൊണ്ടു നേടിയ ഈ നാല് അർധസെഞ്ചുറികളും പിറന്നത് ഈ വർഷം തന്നെ.

വമ്പനടികളുമായി കളം നിറഞ്ഞ പാണ്ഡ്യയ്ക്ക് ഉറച്ച പിന്തുണയുമായി പാണ്ഡെയും നിലയുറപ്പിച്ചതോടെ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള ദൂരം കുറഞ്ഞുവന്നു. വിജയം 10 റൺസ് അകലെ നിൽക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പാണ്ഡ്യ മടങ്ങിയെങ്കിലും ‘നോട്ടൗട്ടു’കളുടെ രാജകുമാരൻ ധോണിക്കൊപ്പം പാണ്ഡെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 72 പന്തിൽ അ‍ഞ്ചു ബൗണ്ടിറിയും നാലു സിക്സും ഉൾപ്പെടെ 78 റൺസെടുത്ത പാണ്ഡ്യയെ കുമ്മിൻസിന്റെ പന്തിൽ റിച്ചാർഡ്സനാണ് പിടികൂടിയത്. 32 പന്ത് നേരിട്ട പാണ്ഡെ, ആറു ബൗണ്ടറി ഉൾപ്പെടെ 36 റൺസെടുത്തു. ധോണി ആറു പന്തിൽ മൂന്നു റൺസോടെയും പുറത്താകാതെ നിന്നു.

തകർപ്പൻ തുടക്കം, പിന്നെ പതർച്ച

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുത്തു. ഇന്ത്യൻ ബോളർമാരെ തെല്ലും കൂസാതെ തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞ ആരോൺ ഫിഞ്ചാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 125 പന്തിൽ 12 ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 124 റൺസെടുത്ത ഫിഞ്ച്, കരിയറിലെ എട്ടാം ഏകദിന സെഞ്ചുരിയാണ് കുറിച്ചത്. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമൊത്ത് രണ്ടാം രണ്ടാം വിക്കറ്റിൽ ഫി‍ഞ്ച് കൂട്ടിച്ചേർത്ത 154 റൺസിന്റെ കൂട്ടുകെട്ടാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. ഒരു ഘട്ടത്തിൽ 350 കടക്കുമെന്നു തോന്നിച്ച ഓസീസിനെ ഫിഞ്ചിനെയും സ്മിത്തിനെയും പുറത്താക്കിയ കുൽദീപ് യാദവിന്റെ ഇരട്ടപ്രഹരമാണ് പിടിച്ചുകെട്ടിയത്. അവസാന 12 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഓസീസിന് നേടാനായത് 69 റൺസ് മാത്രം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീഴ്ത്തി.