കൊൽക്കത്ത∙ ഒടുവില്‍ ഓസീസ് താരങ്ങള്‍ ഭയന്നതു തന്നെ സംഭവിച്ചു. ഇന്ത്യയുടെ ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് യാദവിനെ എങ്ങനെ നേരിടുമെന്ന് തലപുകച്ച് പ്രത്യേക പരിശീലനം നടത്തിയെത്തിയ ഓസീസിനെ കുല്‍ദീപ് തന്നെ തളച്ചു. കൂട്ടിന് തകര്‍പ്പന്‍ സ്‌പെല്ലുമായി ഭുവനേശ്വറും സ്പിന്‍ കെണിയൊരുക്കി യുസ്‌വേന്ദ്ര ചാഹലും. ഫലം, കാല്‍നൂറ്റാണ്ടിനു ശേഷം ഒരു ഇന്ത്യക്കാരന്റെ ആദ്യ ഏകദിന ഹാട്രിക് പിറന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയയ്്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.
253 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 202 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 50 റണ്‍സിനാണ് ജയിച്ചുകയറിയത്. സെഞ്ചുറിക്ക് എട്ടു റണ്‍സകലെ പുറത്തായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലും ജയിച്ച ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തി. കരിയറിലെ നൂറാം രാജ്യാന്തര ഏകദിനത്തിന് ഇറങ്ങിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും മല്‍സരഫലം കയ്പുനിറഞ്ഞതായി.
ആറ് ഓവറില്‍ വെറും ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ സ്‌പെല്ലും തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഓസീസിനെ വെള്ളം കുടിപ്പിച്ച ചാഹലിന്റെ രണ്ടു വിക്കറ്റ് നേട്ടവും പതം വരുത്തിയ ഓസീസ് ബാറ്റിങ്ങിനെ ഹാട്രിക് പ്രകടനവുമായി കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ട ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് യാദവുമാണ് മല്‍സരത്തിലെ നിറമുള്ള ഓര്‍മകൾ.
അഞ്ചിന് 148 റണ്‍സ് എന്ന നിലയില്‍ നിന്ന ഓസീസിനെ എട്ടിന് 148 റണ്‍സ് എന്ന നിലയിലേക്കു തള്ളിയിട്ട കുല്‍ദീപ് സ്വന്തമാക്കിയത് ചരിത്രനേട്ടം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് (2), ആഷ്ടന്‍ ആഗര്‍ (0), പാറ്റ് കുമ്മിന്‍സ് (0) എന്നിവരാണ് കുല്‍ദീപിന് ഇരകളായത്. ചേതന്‍ ശര്‍മ (1987) കപില്‍ ദേവ് (1991) എന്നിവര്‍ക്കു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമായി കുല്‍ദീപ്.
നേരത്തെ കാര്‍ട്ട്്‌റൈറ്റ് (15 പന്തില്‍ 1) ഡേവിഡ് വാര്‍ണര്‍ (ഒന്‍പതു പന്തില്‍ 1) എന്നിവരെ വീഴ്ത്തിയ ഭുവനേശ്വര്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. ട്രാവിസ് ഹെഡിനെ (39 പന്തില്‍ 39) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ സ്മിത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ചാഹലിന്റെ ഇരട്ടപ്രഹരത്തില്‍ ഓസീസ് തകര്‍ന്നു. ഹെഡ്, മാക്‌സ്‌വെല്‍ (18 പന്തില്‍ 14) എന്നിവരാണ് ചാഹലിനു മുന്നില്‍ കീഴടങ്ങിയത്.
100-ാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏഴാം ഓസീസ് താരമായി മാറിയ സ്മിത്തിന്റെ പ്രതിരോധം പാണ്ഡ്യ തകര്‍ത്തതോടെ ഓസീസ് വീണ്ടും പതറി. 76 പന്തില്‍ 59 റണ്‍സായിരുന്നു സ്മിത്തിന്റ സമ്പാദ്യം. കുല്‍ദീപിന്റെ മാന്ത്രിക പ്രകടനത്തിനു പിന്നാലെ കോള്‍ട്ടര്‍നീല്‍ (20 പന്തില്‍ 8) റിച്ചാര്‍ഡ്‌സന്‍ (ഏഴു പന്തില്‍ 0) എന്നിവരെ കൂട്ടുപിടിച്ച് സ്റ്റോയ്‌നിസ് നടത്തിയ തിരിച്ചടി തോല്‍വിഭാരം കുറയ്ക്കാനെ ഉപകരിച്ചുള്ളൂ. സ്റ്റോയ്‌നിസ് 65 പന്തില്‍ ആറു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 62 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
രണ്ടാം വരവിലെ ആദ്യപന്തില്‍ റിച്ചാര്‍ഡ്‌സനെ മടക്കിയ ഭുവനേശ്വര്‍ 6.1 ഓവറില്‍ 9 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കോള്‍ട്ടര്‍നീലിനെ പുറത്താക്കിയ പാണ്ഡ്യയും മല്‍സരത്തിലാകെ രണ്ടു വിക്കറ്റ് വീഴ്ത്തി. മാക്‌സ്‌വെലിനെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ്ങും ആരാധകരുടെ കയ്യടി നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 252 റൺസാണ് സ്വന്തമാക്കിയത്. ബാറ്റിങ് നിരയിൽ തിളങ്ങിയത് 92 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 55 റൺസെടുത്ത അജിങ്ക്യ രഹാനയും മാത്രം. 107 പന്തിൽ എട്ട് ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി 92 റൺസെടുത്തത്. മുൻ ക്യാപ്റ്റൻ ധോണി അഞ്ച് റൺസെടുത്തു പുറത്തായി. 64 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെയാണ് രഹാനെ 55 റൺസെടുത്തത്.
രോഹിത് ശർമ (ഏഴ്), മനീഷ് പാണ്ഡെ (മൂന്ന്), കേദാർ ജാദവ് (24), ഹാർദ്ദിക് പാണ്ഡ്യ (20), ഭുവനേശ്വർ കുമാർ (20) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ചെന്നൈയിൽ നടന്ന ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയായിരുന്നു കൊൽക്കത്തയിലും ഇറങ്ങിയത്.