Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുർമീതിനെ രക്ഷിക്കാൻ നീക്കം; ദത്തുപുത്രിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ചണ്ഡിഗഡ് ∙ മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദാ തലവനും വിവാദ ആൾദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാനിനെതിരെ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസിനെ വെട്ടിച്ച് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഹണിപ്രീത് ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. പഞ്ച്‍കുളയിലെ സിബിഐ കോടതിയിൽ ഹാജരാക്കിയ ഗുർമീതിനെ തട്ടിയെടുത്തു രക്ഷപ്പെടാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണു പ്രതിയെ ജയിലിൽ എത്തിച്ചതെന്നു ഹരിയാന ഐജി കെ.കെ.റാവുവാണു വെളിപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണു ഗുർമീത് കുറ്റക്കാരനാണെന്നു പഞ്ച്കുളയിലെ കോടതി കണ്ടെത്തിയത്. നൂറുകണക്കിനു കാറുകളുടെയും അനുയായികളുടെയും അകമ്പടിയോടെ കോടതിയിലെത്തിയ ഗുർമീതിനെ ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയത്തായിരുന്നു അനുയായികളുടെ മോചിപ്പിക്കൽ ശ്രമം.

പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി ഗുര്‍മീതിനെ കടത്തിക്കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നും എന്നാല്‍ പൊലീസിന്റെ തന്ത്രപൂര്‍വമായ ഇടപെടലില്‍ ആ ശ്രമം പാളിയെന്നും അധികൃതർ പറയുന്നു. വിധി വരുന്നതിന് തൊട്ടുമുന്‍പ് ഗുര്‍മീതും ഹണിപ്രീതും ദീര്‍ഘനേരം സംസാരിക്കുന്നത് ഗൂഡാലോചന മണത്തറിഞ്ഞ് പൊലീസ് വിലക്കിയിരുന്നു. വിധി വന്നശേഷം ഹണിപ്രീത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

gurmeet-honey

ഐജി വെളിപ്പെടുത്തിയത് ഇങ്ങനെ: ‘ കോടതിയിൽനിന്നിറങ്ങിയപ്പോൾ തന്റെ വസ്ത്രങ്ങൾ വച്ചിട്ടുള്ള ചുവപ്പു ബാഗ് വേണമെന്നു ഗുർമീത് ആവശ്യപ്പെട്ടു. തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നും കലാപം തുടങ്ങൂ എന്നും അനുയായികൾക്കുള്ള ഗുർമീതിന്റെ സന്ദേശമായിരുന്നു ഇത്. ഗുർമീതിന്റെ കാറിൽനിന്നു ചുവപ്പുബാഗ് പുറത്തെടുത്തയുടൻ ഷെല്ലുകൾ പൊട്ടുന്ന ശബ്ദം മുഴങ്ങി. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമമാണെന്നു സംശയമുണർന്നു. ഉടൻ ഗുർമീതിനെ പൊലീസ് വാഹനത്തിലേക്കു മാറ്റിയപ്പോൾ, വാഹനം ഗുർമീതിന്റെ അംഗരക്ഷകർ വളഞ്ഞു. ഇക്കൂട്ടത്തിൽ വർഷങ്ങളായി ഗുർമീതിനു സംരക്ഷണം നൽകുന്ന പൊലീസുകാരുമുണ്ടായിരുന്നു.

അവരെ ബലം പ്രയോഗിച്ചു നീക്കിയാണു വാഹനം മുന്നോട്ടെടുത്തത്. ഗുർമീതിനൊപ്പം എത്തിയ എഴുപതോളം വാഹനങ്ങൾ അടുത്തൊരു തിയറ്റർ വളപ്പിൽ നിർത്തിയിട്ടിരുന്നു. ഈ വാഹനങ്ങളിൽ ആയുധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ വഴി ഒഴിവാക്കിയാണു പൊലീസ് വാഹനം പോയത്. പിന്നീടു ഹെലികോപ്ടറിലാണു ഗുർമീതിനെ റോത്തക്കിലെ ജയിലിലേക്കു കൊണ്ടുപോയത്.