കൊച്ചി ∙ ബാഡ്മിന്റൻ ലോകാവേശം കൊച്ചിയിൽ കൊടിയേറി. രാജ്യാന്തര മൽസര വേദികളിൽ മിന്നും താരങ്ങളായിരുന്ന മുതിർന്ന ലോക താരങ്ങളുടെ പോരിന് ഇനി ഒരാഴ്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വേദിയാവും. മലയാള മനോരമയുടെ മുഖ്യ പങ്കാളിത്തത്തോടെ ബാഡ്മിന്റൻ വേൾഡ് ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) സംഘടിപ്പിക്കുന്ന ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നെത്തിയ താരങ്ങളെ സാക്ഷിയാക്കി ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ (ബായ്) പ്രസിഡന്റ് ഡോ. ഹിമാന്ത ബിശ്വ ശർമ്മ ഉദ്ഘാടനം ചെയ്തു.
ബാഡ്മിന്റനിൽ ഇന്ത്യ പവർ ഹൗസായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം ലോക ചാംപ്യൻഷിപ്പുകൾ അതിനു കൂടുതൽ പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള മുതിർന്ന കളിക്കാരുടെ കളി നേരിട്ടു കാണാൻ പുതു തലമുറയ്ക്കു കിട്ടുന്ന അപൂർവ അവസരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ബാഡ്മിന്റൻ ഒന്നാം നിരയിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പരിശീലകരായ ഗോപിചന്ദും യു.വിമൽകുമാറും ഉദ്ഘാടന വേദിയിലെ താര അതിഥികളായി. ഇന്ത്യൻ ബാഡ്മിന്റൻ ഏറെ വളർന്നിരിക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തിയ ഇരുവരും ഇത്തരം ടൂർണമെന്റുകൾ ആ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നു പറഞ്ഞു. തങ്ങൾക്കൊപ്പം മുൻപു രാജ്യാന്തര തലത്തിൽ കളിച്ചിട്ടുള്ള താരങ്ങളിൽ പലരെയും വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷവും പങ്കുവച്ചു.
മേയർ സൗമിനി ജെയിൻ അധ്യക്ഷത വഹിച്ചു. കെ.വി.തോമസ് എംപി, ബിഡബ്ല്യുഎഫ് മേജർ ഇവന്റ്സ് മാനേജർ വേണുഗോപാൽ മഹാലിംഗം, കലക്ടർ മുഹമ്മദ് സഫിറുല്ല, ബായ് വൈസ് പ്രസിഡന്റ് എസ്.മുരളീധരൻ, സെക്രട്ടറി ജനറൽ അനൂപ് നരംഗ്, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, ആർഎസ്‌സി സെക്രട്ടറി എസ്.എ.എസ്.നവാസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ താര പ്രതിനിധികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഉദ്ഘാടന ശേഷം കേരളീയ നൃത്തരൂപങ്ങളും ഈജിപ്ഷ്യൻ നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറി. ചാംപ്യൻഷിപ്പിലെ പ്രാഥമിക റൗണ്ട് മൽസരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാവും. 40 രാജ്യങ്ങളിൽനിന്നുള്ള എഴുന്നൂറോളം കളിക്കാരാണ് എട്ട് വിഭാഗങ്ങളിലായി 40 ഇനങ്ങളിൽ മൽസരിക്കുന്നത്. 12 കോർട്ടുകളിൽ ഒരേ സമയം തിങ്കളാഴ്ച രാവിലെ ഒൻപതിന് മൽസരങ്ങൾ ആരംഭിക്കും. കാണികൾക്കു പ്രവേശനം സൗജന്യമാണ്.