‘വീഴ്ച തെളിയിക്കാൻ’ കേന്ദ്രമന്ത്രി കയറിയ വിമാനത്തിൽ കത്തിയുമായി യാത്രക്കാരൻ

ന്യൂഡൽഹി∙ യാത്രക്കാരൻ വിമാനത്തിൽ കത്തിയുമായി കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സുരക്ഷാപാളിച്ച തുറന്നുകാട്ടുകയാണ് ചെയ്തതെന്ന് അറസ്റ്റിലായ യാത്രക്കാരൻ വെളിപ്പെടുത്തി.

ഗോവയിലേക്കുള്ള സ്പൈസ് ജെറ്റിന്റെ എസ്ജി144 വിമാനത്തിൽ വ്യാഴാഴ്ചയാണ് നാടകീയ സംഭവങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിലെ എല്ലാ പരിശോധനകൾക്കും ശേഷമാണ് ഇയാൾ വിമാനത്തിൽ കയറിയത്. അകത്ത് എത്തിയ ഉടൻ മറ്റുള്ളവരോടായി, തന്റെ ബാഗിൽ കത്തിയുണ്ടെന്ന് പ്രഖ്യാപിച്ചു. ഇതുകേട്ടതും യാത്രക്കാരും വിമാനത്തിലെ ക്രൂവും പരിഭ്രാന്തരായി. വിമാനത്തിൽ യാത്രക്കാർക്ക് ഒരുതരം കത്തികളും കൊണ്ടുപോകാൻ അനുവാദമില്ല.

ഉടൻ ക്രൂം അംഗങ്ങൾ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫിനെ (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) വിവരമറിയിച്ചു. അവരെത്തി ഇയാളെ പിടികൂടി പുറത്തെത്തിച്ചു. ‘ഹാൻഡ് ബാഗേജിലാണ് യാത്രക്കാരൻ കറിക്കത്തി കരുതിയിരുന്നതെന്നും സുരക്ഷാസേനയെ ഉടൻ വിവരമറിയിച്ച് വേണ്ട നടപടി എടുത്തതായും’ സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു. ഇയാളെ വിമാനത്താവള പൊലീസിന് കൈമാറി. സുരക്ഷാ പരിശോധനകൾക്കുശേഷം വിമാനം ഗോവയിലേക്കു തിരിച്ചു.