ഗുർമീതിന് ബുള്ളറ്റ് പ്രൂഫ് കാർ ലഭിച്ചതെങ്ങനെ? പൊലീസ് അന്വേഷണത്തിന്

പഞ്ച്കുള∙ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വാഹനശേഖരത്തിൽ അന്തംവിട്ട് പൊലീസ്. ഗുർമീതിന്റെ അറസ്റ്റിനു പിന്നാലെ 56 ആഢംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ 30 എണ്ണവും ടൊയോട്ട ഫോർച്യൂണർ, ഇന്നോവ, പോർഷെ കാറുകളാണ്. കൂടാതെ ഒരു ബുള്ളറ്റ് പ്രൂഫ് കാറും പിടിച്ചെടുത്തിട്ടുണ്ട്.
പ്രത്യേക അനുമതിയോടെ മാത്രം ലഭിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാർ ഗുർമീതിനു ലഭിച്ചതെങ്ങനെയെന്നു കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് പൊലീസ്.

ഗുർമീതിന്റെ കാറുകളുടെ റജിസ്ട്രേഷൻ കൃത്രിമമാണെന്ന ഗുരുതര കണ്ടെത്തലിലാണ് പൊലീസ്. വിവിധ സ്ഥലങ്ങളിലും പേരുകളിലുമാണ് ഇവ റജിസ്റ്റർ ചെയ്തിരിക്കുന്നത്. മിക്ക ആഢംബര കാറുകളും ഇന്ത്യയിൽ വിൽപന ആരംഭിക്കുന്നതിനു മുൻപുതന്നെ ഗുർമീത് സ്വന്തമാക്കിയിരുന്നു. ഈ വർഷം മാർച്ച് 27നു മാത്രം വിപണിയിലെത്തിയ ടൊയോട്ടയുടെ മൂന്നു മോഡലുകൾ അദ്ദേഹം ഇന്ത്യയിലെത്തിച്ചിരുന്നു. ഇങ്ങനെ കാറുകൾ എത്തിച്ചതിലും തട്ടിപ്പു നടന്നതായി പൊലീസ് സംശയിക്കുന്നു.

എൻജിന്റെ റജിസ്ട്രേഷനിലും ഗുർമീത് കൃത്രിമം കാട്ടിയിട്ടുണ്ട്. ചില വാഹനങ്ങൾ ദേരയുടെ പേരിൽതന്നെ റജിസ്റ്റർ ചെയ്തിരിക്കുമ്പോൾ മറ്റുള്ളവ ഷാ സത്നം ഫോഴ്സിന്റെ പേരിലും ദേരയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റുചില സ്ഥാപനങ്ങളുടെ പേരിലുമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ദേര ചെയർപേഴ്സൻ വിപാസ്ന ഇന്‍സാനെ വിളിച്ചുവരുത്തും. കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ വാഹന നിർമാതാക്കളെയും സമീപിക്കും.