ഇസ്‌ലാമാബാദ്∙ പാനമ അഴിമതിക്കേസിൽ പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ ഒക്ടോബർ രണ്ടിന് കോടതി കുറ്റം ചുമത്താനിരിക്കെ പാർട്ടിയുടെ നേതൃസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ നിയമത്തിലും ‘കൈകടത്തൽ’. നിയമനിർമാണം നടത്തി സ്വന്തം പാർട്ടിയായ പാകിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസിന്റെ (പിഎംഎൽ–എൻ) തലപ്പത്ത് ഈയാഴ്ച തന്നെ തിരിച്ചെത്താനാണു ഷരീഫിന്റെ ശ്രമം.
അയോഗ്യനാക്കപ്പെടുന്ന ജനപ്രതിനിധിക്കു പാർട്ടി നേതൃസ്ഥാനം വഹിക്കുന്നതിനു പ്രശ്നമില്ലാത്ത വിധത്തിലാണു നിയമഭേദഗതിക്കു നീക്കം. നാഷനൽ അസംബ്ലിയിൽ ഭൂരിപക്ഷം പിഎംഎൽ–എല്ലിന് ആയതിനാൽത്തന്നെ നിയമഭേദഗതി എളുപ്പത്തിൽ പാസായി ഷരീഫിന് പാർട്ടി പ്രസിഡന്റ് സ്ഥാനത്തെത്താൻ സാധിക്കും. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പാക്ക് സുപ്രീം കോടതി ജൂലൈ 28ന് ആണു നവാസ് ഷരീഫിനെ അയോഗ്യനാക്കിയത്. പാർട്ടി പ്രസിഡന്റ് സ്ഥാനവും നഷ്ടമായി. അതിനിടെയാണ് ഇലക്ടറൽ റിഫോംസ് ബില്‍ 2017 പാർലമെന്റിന്റെ ഉപരിസഭ സെപ്റ്റംബര്‍ 22നു പാസാക്കിയത് .
സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ ആർക്കുവേണമെങ്കിലും ഒരു പാർട്ടിയില്‍ ഏതു സ്ഥാനം വേണമെങ്കിലും വഹിക്കാമെന്ന വകുപ്പ് നിയമത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് അംഗങ്ങളായവർ മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്തേക്കു വരാൻ പാടുള്ളൂവെന്ന വ്യവസ്ഥ പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
പാർലമെന്റ് അംഗീകരിച്ച നിയമഭേദഗതി തിങ്കളാഴ്ച നാഷനൽ അസംബ്ലിയിൽ അവതരിപ്പിക്കും. ഇരുസഭകളും അംഗീകരിച്ചതിനു ശേഷം ബിൽ പ്രസിഡന്റിന്റെ പരിഗണനയ്ക്കു പോകും. അദ്ദേഹവും അംഗീകാരം നൽകിയാൽ നിയമം പാസാകും. ഷരീഫിനു വേണ്ടി പാർട്ടി ഭരണഘടനയിലും ഭേദഗതി വരുത്താൻ പിഎംഎൽ–എൻ ജനറൽ കൗൺസിൽ യോഗവും ഒക്ടോബർ രണ്ടിനു ചേരുന്നുണ്ട്. അയോഗ്യരാക്കപ്പെട്ട അംഗങ്ങളെ എല്ലാ പാർട്ടിപദവികളിൽനിന്നും വിലക്കുന്ന ഭരണഘടനയിലെ വ്യവസ്ഥയിൽ മാറ്റം വരുത്തുകയാണു ലക്ഷ്യം. ഇതോടൊപ്പം പിഎംഎൽ–എൻ സെൻട്രൽ വർക്കിങ് കമ്മിറ്റിയും ചേരുന്നുണ്ട്.
ജനറൽ കൗൺസിലും വർക്കിങ് കമ്മിറ്റിയും ചേർന്ന് ഒക്ടോബർ മൂന്നിന് പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കും. അത് നവാസ് ഷരീഫാണെന്നതും വ്യക്തമാണ്. അതിനു മുന്നോടിയായി എല്ലാ നിയമ നൂലാമാലകളും നീക്കുകയെന്നതാണു പാർട്ടിയുടെ ലക്ഷ്യം. പാർട്ടിയിൽ പിടിമുറുക്കുന്നതോടെ ഫലത്തിൽ ഭരണയന്ത്രം തിരിക്കുക ഷരീഫിന്റെ കൈകളാകും. അതേസമയം നിയമഭേദഗതി വന്നാലും അതിനെ പ്രതിപക്ഷം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനിടയുണ്ട്. കോടതി വിധി പ്രതികൂലമായാൽ പിഎംഎൽ–എന്നിന്റെ പദ്ധതികളെല്ലാം പാളുമെന്നാണ് വിലയിരുത്തൽ.
മക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ്
അതിനിടെ നവാസ് ഷരീഫിന്റെ വസതി സന്ദർശിച്ച അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ മക്കൾക്കും മരുമകനുമെതിരെ അറസ്റ്റ് വാറന്റ് നോട്ടിസ് നൽകിയതായി റിപ്പോർട്ടുണ്ട്. മക്കളായ ഹുസൈൻ, ഹസൻ, മറിയം നവാസ് എന്നിവർക്കും മറിയമിന്റെ ഭർത്താവ് മുഹമ്മദ് സഫ്ദാറിനും എതിരെയാണു നോട്ടിസ്.
നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) റജിസ്റ്റർ ചെയ്ത കേസുകളിൽ ഷരീഫും കുടുംബാംഗങ്ങളും ഹാജരാകണമെന്നു പലതവണ അഴിമതി വിരുദ്ധ കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഹാജരാകാത്തതിനെത്തുടർന്നാണു മക്കൾക്കും മരുമകനുമെതിരെ ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഷരീഫിന്റെ ഭാര്യ കുൽസും നവാസ് ലണ്ടനിൽ കാൻസർ ചികിത്സയിലാണ്. അവരെ ശുശ്രൂഷിക്കേണ്ടതിനാലാണു മക്കൾ എത്താത്തതെന്ന ഷരീഫിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. നേരിട്ടു കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കുറ്റം ചുമത്തുന്ന ഒക്ടോബർ രണ്ടിനു നേരിട്ടെത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.