അഹമ്മദാബാദ് ∙ ഗുജറാത്തിൽ ദലിതർക്കു മീശ വളർത്തണമെങ്കിലും മേൽജാതിക്കാരുടെ അനുമതി വേണം. ഗാന്ധിനഗറിനു സമീപമുള്ള ഗ്രാമത്തിൽ മീശ വച്ചതിന് രണ്ടു ദലിത് യുവാക്കളെ മേൽജാതിക്കാർ ക്രൂരമായി മർദിച്ചു. നിയമവിദ്യാർഥി കൃനാൽ മഹേരി (30), പീയുഷ് പർമാർ (24) എന്നിവർക്കാണു മർദനമേറ്റത്.
കൃനാലിനു കഴിഞ്ഞ മാസം 25നും പീയുഷിന് 29നും ആണ് മർദനമേറ്റത്. കൃനാലിന്റെ പരാതിയിൽ രജപുത്ര വിഭാഗത്തിൽപെട്ട ഭരത് സിങ് വഗേലയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ സന്ദർശിക്കാൻ ഗാന്ധിനഗറിൽ എത്തിയ കൃനാലിനെ വഗേലയും കൂട്ടരും ‘മീശ വച്ചാൽ രജപുത്രനാകില്ല’ എന്നു പറഞ്ഞു കളിയാക്കിയശേഷം മർദിക്കുകയായിരുന്നു.
ലിംബോദര ഗ്രാമത്തിൽ ഗർബ ചടങ്ങിനുശേഷം മടങ്ങുകയായിരുന്ന പർമാറിനെ മീശ വച്ചതിന്റെ പേരിൽ അപഹസിച്ചാണ് മൂന്നംഗ സംഘം മർദിച്ചത്.പിയൂഷ് മീശ വളര്‍ത്തിയത് തങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മയൂര്‍സിങ് വഗേല, രാഹുല്‍ വിക്രംസിങ് സെറാത്തിയ, അജിത് സിങ് വഗേല എന്നിവര്‍ക്കെതിരെ കേസെടുത്തു.