ന്യൂഡൽഹി∙ വിമാനയാത്രാ നിരക്കുകളിൽ വർധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ– എടിഎഫ്) വില ആറു ശതമാനമാണു വർധിപ്പിച്ചത്. ഈ വർഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്.
പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെടുക. ഡൽഹിയിൽ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. സെപ്റ്റംബറിൽ നാലു ശതമാനം (1,910 രൂപ) വില വർധിപ്പിച്ചിരുന്നു. തുടർച്ചയായ ഇന്ധന വിലവർധനയെ മറികടക്കാൻ വിമാന കമ്പനികൾ യാത്രാനിരക്കുകൾ കൂട്ടിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.
2018 മാർച്ചോടെ സബ്സിഡി പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പാചകവാതകത്തിനും ഗണ്യമായ തോതിൽ വില കൂട്ടിയിരുന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറൊന്നിനു 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 78 രൂപയുമാണു കൂട്ടിയത്.