കൊച്ചി∙ മാര്‍ത്താണ്ഡം കായല്‍ നികത്തരുതെന്ന് ഹൈക്കോടതി. സ്റ്റോപ് മെമ്മോ കര്‍ശനമായും നടപ്പാക്കണം. മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ഹര്‍ജിയിലാണു ഹൈക്കോടതി നിര്‍ദേശം. കായല്‍ നികത്തിയ മണ്ണു നീക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാർത്താണ്ഡം കായലുമായി ബന്ധപ്പെട്ടു നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന കാര്യം റവന്യൂ വകുപ്പ് ഉറപ്പുവരുത്തണമെന്നു കോടതി സർക്കാരിനോടു നിർദേശിച്ചു. സ്റ്റോപ് മെമ്മോ നിലവിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഇന്നു കോടതി കേസ് പരിഗണിച്ചത്.
കായൽ കയ്യേറ്റത്തിൽ ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികളെടുത്തിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള റാംസർ മേഖലയായ കുട്ടനാട്ടിലാണ് മാർത്താണ്ഡം കായൽ.
കൃഷിക്കായി ഇവിടെ അറുനൂറിലേറെ പേർക്കു പട്ടയം നൽകിയിരുന്നു. കൃഷി ചെയ്യാൻ 95 സെന്റ് പാടശേഖരവും ഉടമകൾക്കു താമസിക്കാൻ അഞ്ചു സെന്റ് പുരയിടവുമാണു നൽകിയത്. അഞ്ചു സെന്റ് വീതമുള്ള പുരയിടം പുറംബണ്ടിനോടും അകംബണ്ടിനോടും ചേർന്നാണു നൽകിയത്. രണ്ടു പുരയിടങ്ങളുടെ ഇടയിൽ ഒന്നര മീറ്റർ പൊതുവഴിയുണ്ട്. ഇതിൽ പെട്ട 64 പ്ലോട്ടുകളാണു തോമസ് ചാണ്ടി വാങ്ങിയത്. പുരയിടം നികത്തിയ കൂട്ടത്തിൽ പ്ലോട്ടുകളുടെ ഇടയിലുള്ള പൊതുവഴിയും മണ്ണിട്ടു നികത്തിയതായി പരാതി ലഭിച്ചിരുന്നു. തുടർന്നാണു സ്റ്റോപ്പ് മെമ്മോ നൽകിയത്.