Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫിലെ ചിലർക്ക് സ്ത്രീ ഉപഭോഗവസ്തു; സരിതയുടെ പരാതിയിലെ പ്രസക്തഭാഗങ്ങൾ

saritha-solar

തിരുവനന്തപുരം∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ കുറേ മന്ത്രിമാർ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായാണു കണ്ടിരുന്നതെന്ന് സരിത.എസ്.നായർ. തന്റെ കമ്പനിയുടെ പ്രശ്നങ്ങളുടെ മറവിൽ ചൂഷണം ചെയ്ത യുഡിഎഫ് നേതാക്കൾ ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിൽ സരിത ആരോപിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തു രണ്ടു തവണ പരാതി നൽകിയിട്ടും തള്ളിക്കളഞ്ഞു. ഇക്കാര്യം ഉൾപ്പെടെ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സരിത ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കു സരിത നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ: 

സോളർ കേസിൽ അന്നത്തെ യുഎഡിഎഫ് സർക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാകുമായിരുന്നു, എന്നാൽ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി പരാതി അട്ടിമറിയ്ക്കപ്പെടുകയായിരുന്നു. യുഡിഎഫുകാർ എന്നെ ചാനൽ ചർച്ചകളിൽ മോശമായി ചിത്രീകരിക്കാൻ മത്സരിച്ചു. കേരള കോൺഗ്രസ് (എം)–കോൺഗ്രസ് അസ്വാരസ്യങ്ങൾക്കിടെയാണ് ഏപ്രിലിൽ കത്തിന്റെ ചില ഭാഗങ്ങൾ മാത്രം പുറത്തായത്. 

ഉമ്മൻചാണ്ടിയും തമ്പാനൂർ രവിയും പറഞ്ഞതനുസരിച്ചാണു മാധ്യമപ്രവർത്തകർക്കു മുന്നിൽ ‘ഉമ്മൻചാണ്ടി പിതൃതുല്യനാണ്’ എന്നു പറഞ്ഞത്. എന്റെ നിസ്സഹായാവസ്ഥയിൽ, എന്റെ കമ്പനിയുടെ പ്രശ്നങ്ങളുടെ മറവിൽ എന്നെ ചൂഷണം ചെയ്ത ഒരു കൂട്ടം യുഡിഎഫുകാരില്‍ വലിയ ഒരാളാണ് ഉമ്മൻചാണ്ടി. എനിക്കു പരാതി പറയാനുള്ള പദവിയിലിരുന്ന ആൾ തന്നെ എന്നെ ചൂഷണം ചെയ്തു. 

എനിക്കു മറ്റു പ്രോജക്ടിനും പണത്തിനും വേണ്ടി ആർക്കും വഴങ്ങേണ്ടി വന്നിട്ടില്ല. എന്നാൽ എന്റെ വ്യക്തിജീവിതത്തിൽ വന്ന ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഫ് സർക്കാരിലെ കുറേ മന്ത്രിമാർ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കണ്ടിരുന്നു.

കമ്പനിയുടെ നിയമപ്രശ്നങ്ങൾ അഴിയാക്കുരുക്കാകുകയും ബിജു രാധാകൃഷ്ണൻ പണം വകമാറ്റുകയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പണം നല്‍കുകയും ചെയ്തതോടെ കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ആ അവസ്ഥ മനസിലാക്കിയ ജനപ്രതിനിധികൾ ചൂഷണം ചെയ്യുകയായിരുന്നു. ഇവരെ ചൂണ്ടിക്കാട്ടുകയാണു ഞാൻ ചെയ്തത്.

കമ്മിഷനിലും കത്തിലും പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തിൽ സംഭവിച്ചതാണെന്നും സരിത പറയുന്നു. സോളർ കേസുമായി ബന്ധപ്പെട്ട് സരിതയ്ക്ക് ‘ക്രെഡിബിലിറ്റി’ ഇല്ല എന്നാണ് ജസ്റ്റിസ് കമാൽ പാഷ വിധിയിൽ പരാമർശിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് കോടതികളിൽ ഉൾപ്പെടെ പ്രതിരോധിക്കുന്നത്.

വിശ്വാസ്യത എന്റെ വാക്കുകൾക്കുണ്ടോയെന്നു പരിശോധിക്കാൻ ഒരു അന്വേഷണം പോലും നടത്തിയില്ല. കമാൽ പാഷ ടീം സോളറിന്റെ കസ്റ്റമർ ആയിരുന്നു. ടീം സോളറിന് അദ്ദേഹം ‘ഗുഡ്‌വിൽ’ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വിശ്വാസ്യത ഇല്ല എന്ന കാരണം പറഞ്ഞു പരാതി തള്ളിക്കളയരുത്.