തിരുവനന്തപുരം ∙ സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി. ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നുവെന്ന് വാർത്താകുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.
തന്‍റേതായ ശൈലിയില്‍ 150 ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡു ലഭിച്ച ആരൂഢം പോലുളള സിനിമകളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ഇടം നേടിയിരുന്നു. ജെ.സി. ഡാനിയല്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ഐ.വി. ശശി മലയാളപ്പെരുമയെ ദേശാതീതമായി ഉയര്‍ത്തി. വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഖം പങ്കിടുന്നുവെന്നും പിണറായി വ്യക്തമാക്കി.
രമേശ് ചെന്നിത്തല
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. ലോകത്ത് ഏറ്റവുമധികം സിനിമ സംവിധാനം ചെയ്ത സംവിധായകരില്‍ ഒരാളായിരുന്നു ഐ.വി. ശശി. സാങ്കേതിക തികവോടെയും നിരവധി അഭിനേതാക്കളെ ഒരുമിച്ചണിനിരത്തിയും അദ്ദേഹം ചെയ്ത സിനിമകൾ മലയാള ചലച്ചിത്ര ലോകത്തിലെ നാഴികക്കല്ലുകളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിനും സാംസ്‌കാരിക ലോകത്തിനും കനത്ത നഷ്ടമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഐ.വി.ശശിയെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സിനിമയെ രാഷ്ട്രീയമായി സമീപിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും സ്പീക്കർ പറഞ്ഞു.
കുമ്മനം രാജശേഖരൻ
മലയാള സിനിമാ പ്രവർത്തകര്‍ക്ക് എക്കാലത്തേക്കുമുള്ള പാഠപുസ്തകമാണ് അന്തരിച്ച സംവിധായകൻ ഐ.വി. ശശിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മലയാള സിനിമയ്ക്ക് തലപ്പൊക്കമുള്ള നടൻമാരെ നൽകിയത് ഐ.വി. ശശിയായിരുന്നു. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല കലാസംവിധായകൻ എന്ന നിലയിലും ശശി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വാണിജ്യ സിനിമകൾക്ക് പുതുവഴി തെളിച്ച സംവിധായകൻ എന്ന നിലയിലാകും ശശിയെ വരുംകാലം ഓർക്കുന്നത്. സിനിമയുടെ യഥാര്‍ത്ഥ അവകാശി സംവിധായകനാണെന്ന് ഓർമ്മിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും കയ്യൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിനായി. അദ്ദേഹത്തിന്‍റെ വേർപാടിൽ കുടുംബത്തിനൊപ്പം ദു:ഖം പങ്കിടുന്നുവെന്നും കുമ്മനം പ്രസ്താവനയിൽ അറിയിച്ചു.