Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ ഫീസ് നിർണയം ഒരു മാസത്തിനകം പൂർത്തിയാക്കും: ജ. രാജേന്ദ്ര ബാബു

Medical Student

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നു ഫീസ് നിർണയ സമിതി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു. ഈ മാസം നാലു കോളജുകളിലെ ഫീസ് നിശ്ചയിക്കും. അടുത്തമാസം ശേഷിക്കുന്ന കോളജുകളിലെ ഫീസ് നിർണയം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 22 സ്വാശ്രയ കോളജുകളിൽ മുക്കം കെഎംസിടി കോളജിന്റെ ഫീസ് നിർണയം മാത്രമാണ് ഇതുവരെ സമിതി പൂർത്തിയാക്കിയത്. 2016–17 സാമ്പത്തിക വർഷം 4.15 ലക്ഷം രൂപയും 17–18 സാമ്പത്തിക വർഷത്തിൽ 4.80 ലക്ഷം രൂപയുമാണു ഫീസ് നിശ്ചയിച്ചത്.

‘നിരവധി രേഖകൾ പരിശോധിക്കേണ്ടതിനാലാണ് ഫീസ് നിർണയം നീളുന്നത്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കും’– ജ. രാജേന്ദ്രബാബു മനോരമ ഓൺലൈനിനോടു പറഞ്ഞു.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലും കൽപ്പിത സർവകലാശാലകളിലും എംബിബിഎസ് പ്രവേശനത്തിന് അഞ്ചര ലക്ഷംരൂപ വാർഷിക ഫീസാണ് സമിതി ആദ്യം നിശ്ചയിച്ചത്. മെറിറ്റ്, മാനേജ്മെന്റ് വ്യത്യാസമില്ലാതെ 85% സീറ്റുകളിലും ഈ നിരക്കു ബാധകമായിരുന്നു. അവശേഷിക്കുന്ന 15% എൻആർഐ സീറ്റുകളിൽ ഫീസ് 20 ലക്ഷമായും നിശ്ചയിച്ചു. എന്നാൽ, ഇതിനെതിരെ മാനേജ്മെന്റ് അസോസിയേഷൻ രംഗത്തെത്തി. മുൻപുള്ള വർഷം 50% മെറിറ്റ് സീറ്റിൽ രണ്ടരലക്ഷവും 35% മാനേജ്മെന്റ് സീറ്റിൽ 11 ലക്ഷവുമായിരുന്നു ഫീസ്. എൻആർഐ സീറ്റിൽ 15 ലക്ഷവും.

എതിർ‌പ്പ് ഉയർന്നതിനെത്തുടർന്ന് 85% എംബിബിഎസ് സീറ്റുകളിൽ വർഷം അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചു. ബിഡിഎസിന് 85% സീറ്റിൽ ഫീസ് വർധിപ്പിച്ച് 2.9 ലക്ഷമാക്കി. നേരത്തെയുള്ളതിനെക്കാൾ 40,000 രൂപ കൂടുതൽ. എംബിബിഎസിന് 15% എൻആർഐ സീറ്റിൽ 20 ലക്ഷവും ബിഡിഎസിന് എൻആർഐ സീറ്റിൽ ആറു ലക്ഷവും നിശ്ചയിച്ചു. പിന്നീട് 11 ലക്ഷം രൂപ ഫീസ് ഈടാക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.