Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.എം. ജേക്കബിന്റേത് സര്‍ഗാത്മക നിയമസഭാ പ്രവര്‍ത്തനം: സ്പീക്കര്‍

tm-jacob ടി.എം.ജേക്കബിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ടി.എം.ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഒരുക്കിയ 'അത്ര മേല്‍ സ്‌നേഹിക്കയാല്‍' എന്ന സ്മരണാഞ്ജലി ചടങ്ങ് ഉദ്ഘാടനം ചെയ്തു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം∙ മൗലികവും സര്‍ഗാത്മകവുമായ നിയമസഭാ പ്രവര്‍ത്തനത്തിന്റെ പാഠശാലയായിരുന്നു ടി.എം. ജേക്കബ് എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ടി.എം.ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഒരുക്കിയ 'അത്ര മേല്‍ സ്‌നേഹിക്കയാല്‍' എന്ന സ്മരണാഞ്ജലി ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ പ്രവര്‍ത്തനത്തിന്റെ സാധ്യതകളും പരിമിതികളും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ നിയമസഭയെ എങ്ങനെ ഉപയോഗിക്കാം എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തെ പുതു സാമാജികര്‍ക്കു മാതൃകയാക്കാവുന്നതാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

സ്പീക്കറായി പ്രവര്‍ത്തിച്ച അനുഭവത്തില്‍നിന്നു തനിക്കു തോന്നിയിട്ടുള്ളത് നിയമസഭാ സാമാജികരുടെ നിലവാരത്തകര്‍ച്ച സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നാണ്. നിയമസഭയുടെ ചട്ടങ്ങളോടും കീഴ്‌വഴക്കങ്ങളോടുമുള്ള ലാഘവ സമീപനം ഇന്നത്തെ സാമാജികരെ ബാധിക്കുന്നുണ്ട്. സമയനിഷ്ഠ പാലിക്കുന്നതിലും ഇതു കണ്ടുവരുന്നുണ്ട്. വാക്കുകളുടെ അതിസാരം ഒരിക്കലും ബാധിച്ചിരുന്ന സാമാജികനായിരുന്നില്ല ടി.എം. ജേക്കബ് എന്നും അദ്ദേഹം അനുസ്മരിച്ചു.

ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള ടി.എം. ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് അവാര്‍ഡ് കെ.സുരേഷ് കുറുപ്പ് എംഎല്‍എയ്ക്കു ടി.എം. ജേക്കബിന്റെ പത്‌നി ഡെയ്‌സി ജേക്കബ് സമ്മാനിച്ചു. മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ദ് ഹിന്ദു റസിഡന്റ് എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ ടി.എം. ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പ്രസിഡന്റ് ജോണി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശ്രീ. സണ്ണിക്കുട്ടി ഏബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.എം. ജേക്കബിന്റെ പുത്രി അമ്പിളി ജേക്കബ് സ്വാഗതം ആശംസിച്ചു. ട്രസ്റ്റിന്റെ പേരിലെ ചികിത്സാസഹായ വിതരണം ട്രസ്റ്റ് അംഗം അനില അനൂപ് നിര്‍വഹിച്ചു.

related stories