ബിജെപി മന്ത്രിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം: മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡല്‍ഹി∙ ഛത്തീസ്ഗഡിലെ ബിജെപി മന്ത്രി രാജേഷ് മുനാട്ടിനെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുൻ ബിബിസി മാധ്യമപ്രവർത്തകൻ വിനോദ് വർമയെ പൊലീസ് അറസ്റ്റു ചെയ്തു. മന്ത്രിയുടെ ലൈംഗിക ടേപ്പുകൾ കൈവശമുണ്ടെന്ന് പറഞ്ഞ് വിനോദ് വർമ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാനത്തെ ഐടി സെൽ അംഗം പ്രകാശ് ബജാജാണ് പരാതി നൽകിയത്.

ഇതേത്തുടർന്ന് ഗാസിയാബാദിലെ വീട്ടിൽനിന്ന് ഛത്തീസ്ഗഡ് പൊലീസാണ് വർമയെ അറസ്റ്റു ചെയ്തത്. ഇവിടെ നടത്തിയ പരിശോധനയിൽ 500 പോൺ സിഡികൾ, രണ്ടു ലക്ഷത്തോളം രൂപ, പെൻഡ്രൈവ്, ലാപ്ടോപ്, ഡയറി എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പുലർച്ചെ 3.30 ഓടെയാണ് മഹാഗൺ മാൻഷൻ അപ്പാർട്മെന്റിൽനിന്ന് വർമയെ കസ്റ്റഡിയിലെടുത്തത്. തന്റെ കൈവശം ഛത്തീസ്ഗഡ് മന്ത്രിയുടെ സെക്സ് ടേപ്പുണ്ടെന്നും അതുകൊണ്ടാണ് തന്നെ അറസ്റ്റു ചെയ്തതെന്നും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകവെ വർമ പറഞ്ഞു. ഭീഷണിപ്പെടുത്തിയതിനും അന്യായമായി പണം പിരിച്ചതിനുമാണ് വർമയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, വിനോദ് വർമയും പ്രതിപക്ഷമായ കോൺഗ്രസും ചേർന്ന് ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

എന്നാൽ ബിജെപി സർക്കാർ ആരോപണവിധേയനായ മന്ത്രിയെ പിന്തുണയ്ക്കാൻ ശ്രമിക്കുകയാണെന്നും നിഷ്കളങ്കനായ മാധ്യമപ്രവർത്തകനെ ചതിയിൽപ്പെടുത്തുകയാണെന്നും കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗ്ഹേൽ ആരോപിച്ചു. ഛത്തീസ്ഗഡ് സർക്കാരിലെ മുതിർന്ന മന്ത്രിക്കെതിരെ സ്റ്റിങ് ഓപ്പറേഷൻ നടത്തുന്നതിനു തയാറെടുക്കുന്നതിനിടെയാണ് വർമയുടെ അറസ്റ്റെന്നും റിപ്പോർട്ടുകളുണ്ട്.