വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കെന്നഡിക്കു നേരെ വെടിയുതിർത്ത ലീ ഹാർവി ഓസ്വാൾഡ് മെക്സിക്കോയിലെ റഷ്യൻ എംബസിയിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നെന്ന സംശയമാണ് പുറത്തുവിട്ട രേഖകളിലുള്ളത്. കെന്നഡി വധത്തിൽ സംശയ നിഴലിലായിരുന്ന റഷ്യ, യുഎസ് മിസൈൽ ആക്രമണം നടത്തുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായും രേഖകളിലുണ്ട്.
അതിനിടെ, കെന്നഡി കൊല്ലപ്പെടുന്നതിന് 25 മിനിറ്റ് മുൻപ്, ബ്രിട്ടനിലെ കേംബ്രിജ് ന്യൂസ് പത്രത്തിന്റെ ഓഫിസിലേക്ക് ഒരു ഫോൺ വിളിയെത്തിയെന്ന കാര്യവും വെളിപ്പെട്ടു. ‘അമേരിക്കൻ എംബസിയിലേക്കു വിളിക്കൂ, നിങ്ങൾക്കായി വലിയൊരു വാർത്ത കാത്തിരിപ്പുണ്ട്’ എന്നായിരുന്നു ഫോൺ സന്ദേശം. കെന്നഡി വധവും അന്വേഷണവുമായി ബന്ധപ്പെട്ട് നാഷനൽ ആർക്കൈവ്സില്‍ സൂക്ഷിച്ചിരുന്നതിൽ 2891 സുപ്രധാന രേഖകളാണു കഴിഞ്ഞദിവസം പുറത്തിറക്കിയത്.
അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം ഒക്ടോബർ 26നു പുറത്തുവിടുമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചുലക്ഷത്തിലേറെ പേജുകളുള്ള രേഖകൾ പുറത്തിറക്കുമെന്നാണു ലോകം കരുതിയിരുന്നത്. എന്നാൽ ദുരൂഹതകൾ ബാക്കിവച്ച് രഹസ്യരേഖകളുടെ ഒരു ഭാഗം മാത്രമാണ് സർക്കാർ ഓൺലൈനായി പ്രസിദ്ധീകരിച്ചത്. ശേഷിച്ച രേഖകളും പൊതുജനത്തിനു ലഭ്യമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഇതു പരിശോധിക്കാൻ ആറുമാസം അനുവദിച്ചു.
സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെയും (സിഐഎ) ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (എഫ്ബിഐ) നിർദേശത്തെ തുടർന്നാണു ബാക്കിയുള്ള രേഖകൾ തടഞ്ഞുവച്ചത്. രാജ്യസുരക്ഷയെ ബാധിക്കുമെന്നു പറഞ്ഞാണ് അന്വേഷണ ഏജൻസികളുടെ ഇടപെടൽ. രേഖകൾ മുഴുവൻ 25 വർഷത്തിനുള്ളിൽ പുറത്തുവിടണമെന്ന്, 1992ൽ യുഎസ് കോൺഗ്രസ് നിർദേശിച്ചിരുന്നു. കെന്നഡിക്കു നേരെ വെടിയുതിർത്ത ലീ ഹാർവി ഓസ്വാൾഡിനു വധഭീഷണിയുണ്ടെന്നു പൊലീസിന് എഫ്ബിഐ മുന്നറിയിപ്പു നൽകിയിരുന്നു.
ദുരൂഹമായി കെന്നഡിയുടെ മരണം
ടെക്‌സസിലെ ഡാലസിൽ 1963 നവംബർ 22ന് ഉച്ചയ്‌ക്കു 12.30നാണ് ഓസ്വാൾഡിന്റെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. ഇരുപത്തിനാലുകാരനായ ഓസ്വാൾഡ് സംഭവസ്‌ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തിൽ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചതും.
ഓസ്വാൾഡാകട്ടെ മണിക്കൂറുകൾക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കൈയാമം വച്ചു കൊണ്ടുപോകുമ്പോൾ, എല്ലാവരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം. സാധാരണക്കാരനായ ഓസ്വാൾഡ് എന്തിനാണു കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു അന്നുയർന്ന പ്രധാന ചോദ്യം. സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വാൾഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത ശക്തമാകാൻ കാരണമായി. ജാക്ക്റൂബി പിന്നീട് ജയിലിൽ വച്ചു കാൻസർ ബാധിച്ചു മരിച്ചു.
കൊലപാതകത്തിനു തൊട്ടു മുൻപ് മെക്സിക്കോയിലേക്ക് ഓസ്വാൾഡ് യാത്ര നടത്തിയെന്ന വിവരവും അതിനിടെ ലഭിച്ചു. എഫ്ബിഐയും സിഐഎയും പിന്നീട് അന്വേഷണം നടത്തിയത് ആ വഴിക്കായിരുന്നു. 1963 സെപ്റ്റംബറിൽ നടന്ന ഓസ്വാൾഡിന്റെ മെക്സിക്കോ യാത്രയിൽ എന്താണു സംഭവിച്ചതെന്ന് സിഐഎയും എഫ്ബിഐയും കണ്ടെത്തിയ കാര്യങ്ങളാണ് പുറത്തു വന്നിരിക്കുന്നതിലേറെയും.
ക്യൂബയുടെയോ സോവിയറ്റ് യൂണിയന്റെയോ ചാരന്മാരുമായി ഗൂഢാലോചന നടത്താനായിരുന്നു യാത്രയെന്നാണു പലരും വിശ്വസിക്കുന്നത്. ഓസ്വാൾഡിനു പഴയ സോവിയറ്റ് യൂണിയനുമായി ‘രഹസ്യ’ ബന്ധം ഉണ്ടായിരുന്നതായും ഒട്ടേറെ പേർ കരുതുന്നു. ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും പുസ്തകങ്ങളും ടിവി ഷോകളും ഗവേഷണ റിപ്പോർട്ടുകളുമെല്ലാം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കെന്നഡിയുടെ മരണത്തിനു പിന്നിൽ മാഫിയാസംഘങ്ങളാണെന്നും ക്യൂബയാണെന്നും അതല്ല മറ്റു രാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരാണെന്നുമൊക്കെയുള്ള ‘സിദ്ധാന്ത’ങ്ങളും പ്രചാരത്തിലുണ്ട്.
സിഐഎ തന്നെയാണു കെന്നഡിയെ കൊലപ്പെടുത്തിയതെന്ന വാദവുമുണ്ടായി. യുഎസിലെ രാജകുടുംബമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കെന്നഡി കുടുംബത്തെ എക്കാലവും ദുരന്തങ്ങൾ വേട്ടയാടിയിരുന്നു. പിൽക്കാലത്ത് പ്രസിഡന്റാകുമെന്നു കരുതപ്പെട്ടിരുന്ന, ജോൺ എഫ്. കെന്നഡിയുടെ സഹോദരൻ റോബർട് കെന്നഡിയും ലൊസാഞ്ചലസിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടു. മകൻ ജോൺ എഫ്. കെന്നഡി ജൂനിയർ 1999ൽ വിമാനാപകടത്തിൽ മരിച്ചു.