ചവറ കെഎംഎംഎല്ലിൽ നടപ്പാലം തകർന്ന് മൂന്നു സ്ത്രീകൾ മരിച്ചു

Chavara KMML Bridge
ചവറ കെഎംഎംഎല്ലില്‍ തകർന്ന നടപ്പാലം. ചിത്രം: സലീം രാജ്

കൊല്ലം∙ ചവറ കെഎംഎംഎല്ലിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ചവറ കൊല്ലട സ്വദേശി ശ്യാമള (56), കോവിൽത്തോട്ടം സ്വദേശിനി ആഞ്ചലീന, അന്നമ്മ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് കരുനാഗപ്പള്ളി ആശുപത്രിയിൽവച്ചാണ് ശ്യാമള മരിച്ചത്. ആഞ്ചലീന, അന്നമ്മ എന്നിവരുടെ മൃതദേഹങ്ങൾ അപകടത്തിൽപ്പെട്ട പാലം ഉയർത്തിയപ്പോഴാണ് ലഭിച്ചത്.

Chavara KMML Bridge
ചവറ കെഎംഎംഎല്ലില്‍ തകർന്ന നടപ്പാലം. ചിത്രം: സലീം രാജ്

കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്കു കുറുകെ നിർമിച്ച നടപ്പാലമാണ് തകർന്നത്. രാവിലെ 10.30 നായിരുന്നു സംഭവം. എഴുപതോളം പേർ അപകടത്തിൽപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലർക്കും പരുക്ക്. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. വെള്ളത്തിൽ ആരെങ്കിലും വീണിട്ടുണ്ടോയെന്നറിയാനായി തിരച്ചിൽ നടത്തിയിരുന്നു. മുഖ്യ ഓഫിസിനു മുന്നിൽ സമരത്തിനെത്തിയവർ തിരികെ പോകുന്നതിനിടെയാണ് പാലം തകർന്നത്.