Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റജിസ്റ്റര്‍ ചെയ്തത് 1178 കാറുകള്‍; അന്വേഷണസംഘം പുതുച്ചേരിക്ക്

car

തിരുവനന്തപുരം∙ ആഡംബര കാറുകൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉദ്യോഗസ്ഥസംഘം അവിടേക്കു തിരിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അസി. സെക്രട്ടറി പി.എസ്.സന്തോഷ്, ജോയിന്റ് ആർടിഒ: ബൈജു ജയിംസ്, എറണാകുളത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിനോദ്കുമാർ, ജോർജ് എന്നിവരാണു സംഘത്തിലുള്ളത്.

കേരളത്തിൽനിന്ന് 1178 കാറുകൾ വാങ്ങി പുതുച്ചേരിയിൽ കൊണ്ടുപോയി റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. കാറുകൾ റജിസ്റ്റർ ചെയ്ത വിലാസത്തെക്കുറിച്ചു സംഘം അന്വേഷിക്കും. വ്യാജവിലാസത്തിലാണു റജിസ്റ്റർ ചെയ്തതെന്നാണു നിഗമനം. അതു സ്ഥിരീകരിക്കാൻ വേണ്ടിയാണു പരിശോധന. ഒപ്പം പുതുച്ചേരി ട്രാൻസ്പോർട്ട് സെക്രട്ടറി, കമ്മിഷണർ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും.

പുതുച്ചേരിയിൽ കാറുകൾ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചതിനുള്ള നോട്ടിസിനു തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നടൻ സുരേഷ് ഗോപി എംപി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസിനു പരാതിനൽകും. കഴിഞ്ഞദിവസമാണു മോട്ടോർവാഹന വകുപ്പ് നോട്ടിസ് അയച്ചത്. റവന്യു റിക്കവറി പ്രകാരം നികുതി ഈടാക്കാനാണു പൊലീസിനു പരാതിനൽകി കേസ് റജിസ്റ്റർ ചെയ്യിക്കുന്നത്.

ഒന്നരക്കോടിയുടെ വണ്ടി; നിഷാം വെട്ടിച്ചത് 25 ലക്ഷം

തൃശൂർ∙ ഒന്നരക്കോടി രൂപയുടെ ‌കാറിന്റെ റജിസ്ട്രേഷൻ പുതുച്ചേരിയിൽ നടത്തി മുഹമ്മദ് നിഷാം വെട്ടിച്ചത് 25 ലക്ഷം രൂപ. ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ കഴിയുന്ന നിഷാം അടക്കം 10 ആഡംബര വാഹനമുടമകൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടിസയച്ചു.

ആകെ രണ്ടുകോടിയോളം രൂപ നികുതി വെട്ടിച്ചിട്ടുണ്ടെന്നാണു കണക്ക്. ഉടൻ നികുതിയടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി ഡപ്യൂട്ടി ട്രാൻസ്പോർട്ട് ഓഫിസർ ഷാജി ജോസഫിന്റെ നേതൃത്വത്തിലാണു നോട്ടിസ് നൽകിയത്. പത്തിലേറെ ആഡംബരക്കാറുകൾ സ്വന്തമായുള്ള നിഷാമിന്റെ ഇറക്കുമതി ചെയ്ത പോർഷെ കാറാണു പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്.

കുറഞ്ഞതു 15 ലക്ഷം രൂപയെങ്കിലും വെട്ടിച്ചതിന്റെ പേരിലാണു മറ്റ് ഒൻപതു കാറുടമകൾക്കു നോട്ടിസ് നൽകിയത്. പുതുച്ചേരി റജിസ്ട്രേഷനിൽ ആഡംബര വാഹനങ്ങൾ ഓടുന്നതായി കണ്ടെത്തിയാൽ ആർടിഒയെ വിവരമറിയിക്കണമെന്നു മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.