കൊല്ലം ∙ 44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. ‘ദീപം’ എന്ന പ്ലാനില്‍ ഇന്ത്യയിലെവിടേക്കും റോമിങ്ങിൽ ഉൾപ്പെടെ ബിഎസ്എൻഎൽ കോളുകൾക്കു സെക്കൻഡിന് ഒരു പൈസയും മറ്റു കോളുകൾക്കു സെക്കൻഡിനു 1.2 പൈസയുമാണു നിരക്ക്. ഇരുപതു രൂപയുടെ സംസാരമൂല്യവും ആദ്യ മാസം 500 എംബി ഡേറ്റയും സൗജന്യമായി ലഭിക്കും. 10 കെബിക്ക് ഒരു പൈസ എന്നതാണ് ഡേറ്റാ നിരക്ക്.
110, 200, 500, 1000 എന്നീ ടോപ്അപ്പുകൾക്ക് മുഴുവൻ സംസാരമൂല്യം ലഭിക്കും. ഫ്രണ്ട്‌സ് ആൻഡ് ഫാമിലി സ്കീം പ്രകാരം ഏതെങ്കിലും നാലു ലോക്കൽ നമ്പരുകളിലേക്കു ബിഎസ്എൻഎൽ നമ്പരിനു മിനിറ്റിനു 20 പൈസ നിരക്കിലും മറ്റു നമ്പരുകളിലേക്കു മിനിറ്റിനു 30 പൈസ നിരക്കിലും വിളിക്കാം. മറ്റു പ്രീപെയ്ഡ് പ്ലാനുകളിൽനിന്ന് ദീപം പ്ലാനിലേക്കു മാറാനും സൗകര്യമുണ്ട്.
പ്ലാൻ മാറുന്നതിന് 123 എന്ന നമ്പറിലേക്ക് PLAN <സ്പെയ്സ്> DEEPAM എന്ന് എസ്എംഎസ് അയച്ചാൽ മതി. കേരളത്തിൽ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിലെ ഏറ്റവും ആകർഷകവും മികച്ചതുമായ ഒന്നാണിതെന്നു ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ.പി.ടി.മാത്യു പറഞ്ഞു.