ബാഡ്മിന്റൻ: കുതിച്ചുകയറി സൈന, പ്രണോയ്; തോൽവി രുചിച്ച് സിന്ധു, ശ്രീകാന്ത്

ദേശീയ ബാഡ്മിന്റൻ പുരസ്കാരവുമായി സൈന നെഹ്‌വാളും എച്ച്.എസ്.പ്രണോയ്‌യും കോച്ച് പുല്ലേല ഗോപീചന്ദിനൊപ്പം. ചിത്രം: സൈന നെഹ്‌വാൾ, ട്വിറ്റർ

ന്യൂഡൽഹി∙ ലോക രണ്ടാം നമ്പർ താരങ്ങളായ കിഡംബി ശ്രീകാന്തിനെയും പി.വി.സിന്ധുവിനെയും പരാജയപ്പെടുത്തി പതിനൊന്നാം സ്ഥാനക്കാരായ എച്ച്.എസ്.പ്രണോയ്ക്കും സൈന നെഹ്‌വാളിനും കിരീടം. ഇന്ത്യയുടെ ദേശീയ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലാണു ലോകമൽസരങ്ങളെ വെല്ലുന്ന ഫൈനൽ നടന്നത്. പുല്ലേല ഗോപീചന്ദ് അക്കാദമിയിൽ ഒരുമിച്ചു പരിശീലിക്കുന്ന നാൽവർ സംഘം ഒരേ ടൂർണമെന്റിന്റെ ഫൈനലിൽ വരുന്നതും ആദ്യമായാണ്.

കാണികളെ ആകാംഷാഭരിതരായി നിർത്തിയ കനത്ത പോരാട്ടത്തിനൊടുവിലാണ് സൈനയ്ക്കു മുന്നിൽ സിന്ധു കീഴടങ്ങിയത്. സ്കോർ: 21–17, 27–25. ആദ്യസെറ്റിൽ വ്യക്തമായ ലീ‍ഡോടെയായിരുന്നു സൈനയുടെ കളി. ഇടയ്ക്ക് ലീഡ് നില കുറയ്ക്കാൻ സിന്ധുവിനു സാധിച്ചെങ്കിലും സൈനയുടെ പരിചയസമ്പത്തിനു മുന്നിൽ കീഴടങ്ങാനേ ആയുള്ളൂ. രണ്ടാം സെറ്റിൽ ആക്രമിച്ചു കളിച്ച സിന്ധുവിനായിരുന്നു മുൻതൂക്കം. കരുതിക്കളിച്ച സൈന അധികം വൈകാതെ തന്നെ മുന്നിലെത്തുകയും ജയം നേടുകയുമായിരുന്നു. 

ഈ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലടക്കം സൈനയേക്കാൾ ഒരുപടി മുന്നിലായിരുന്നു സിന്ധുവിന്റെ നീക്കം. രാജ്യാന്തരവേദിയിൽ രണ്ടുതവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. 2014ലെ സയ്യിദ് മോദി ഇന്റർനാഷനലിൽ സൈന ജയിച്ചപ്പോൾ ഈ വർഷം ഇന്ത്യൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സിന്ധുവിനു മുൻപിൽ തോറ്റു. പുല്ലേല ഗോപീചന്ദ് അക്കാദമിയിൽനിന്ന് ഒരിക്കൽ പടിയിറങ്ങിയ സൈന തിരികെയെത്തിയിട്ട് അധികം നാളുകളായിട്ടില്ല. ദേശീയ ചാംപ്യൻഷിപ്പിലെ വിജയം സൈനയ്ക്ക് സിന്ധുവിനോടുള്ള മധുരപ്രതികാരമെന്നു പറഞ്ഞാലും തെറ്റില്ല.

അതേസമയം, തുടർച്ചയായ രണ്ടു സൂപ്പർസീരീസ് കിരീടങ്ങളെന്ന നേട്ടം ഈ വർഷം രണ്ടുതവണ സ്വന്തമാക്കി കളിക്കാനിറങ്ങിയ ശ്രീകാന്തിനെ പരാജയപ്പെടുത്തി മലയാളികളുടെ സ്വന്തം എച്ച്.എസ്.പ്രണോയ് ചാംപ്യൻപട്ടം സ്വന്തമാക്കി. സ്കോർ: 21–15, 16–21, 21–7. നാൽപ്പത്തിയൊമ്പതു മിനിട്ടാണ് ഇരുവരും തമ്മിലുള്ള മൽസരം നീണ്ടുനിന്നത്. 

ആദ്യ ഗെയിം കൈവിട്ട ശ്രീകാന്ത് രണ്ടാം ഗെയിമിൽ ഉജ്വലമായി തിരിച്ചെത്തിയെങ്കിലും ജയം പ്രണോയ്ക്കൊപ്പമായിരുന്നു. ഈ വർഷം ലോകവേദിയിൽ മലേഷ്യയുടെ മുൻ ലോക ഒന്നാം നമ്പർ താരം ലീ ചോങ്‍ വേയെയും ചൈനീസ് സൂപ്പർതാരം ചെൻ ലോങ്ങിനെയും അട്ടിമറിച്ച് പ്രണോയ് ശ്രദ്ധ നേടിയിരുന്നു. നാലു തവണയാണ് ലോകവേദിയിൽ ശ്രീകാന്തും പ്രണോയിയും തമ്മിൽ ഏറ്റുമുട്ടിയത്. 2011ലെ ടാറ്റ ഓപ്പൺ ബാഡ്മിന്റനിൽ പ്രണോയ് ജയിച്ചപ്പോൾ തുടർന്നുള്ള മൂന്നു മൽസരങ്ങളും ശ്രീകാന്ത് നേടി. ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ പ്രണോയിയെ തോൽപിച്ചതു ശ്രീകാന്താണ്.