Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്ക് ആശ്വാസം; ഓഹരി ക്രമക്കേടിൽ രൂപാണിക്കെതിരായ പിഴ റദ്ദാക്കി

vijay-rupani വിജയ് രൂപാണി

മുംബൈ∙ ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദത്തിൽപ്പെട്ട മുഖ്യമന്ത്രി വിജയ് രൂപാണിക്കും ബിജെപിക്കും ആശ്വാസം. ഓഹരി വ്യാപാരത്തിൽ കൃത്രിമം കാണിച്ചെന്നു ചൂണ്ടിക്കാട്ടി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വിജയ് രൂപാണിയുടെ കുടുംബത്തിന് പിഴ വിധിച്ചത് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ (സാറ്റ്) റദ്ദാക്കി. സാരംഗ് കെമിക്കൽസിന്റെ പേരിൽ ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചതിനാണു നടപടി എടുത്തത്.

രൂപാണിയുടെ കുടുംബം ഉൾപ്പെടെ 22 കമ്പനികൾക്കാണു പിഴ ചുമത്തിയത്. ഹിന്ദു അവിഭക്ത കുടുംബം (എച്ച്‌യുഎഫ്) എന്ന പേരിലായിരുന്നു രൂപാണിയുടെ ഓഹരി ഇടപാടുകൾ. ആകെ 6.9 കോടി രൂപ കമ്പനികൾ അടയ്ക്കണം എന്നായിരുന്നു നിർദേശം. ഇതിൽ 15 ലക്ഷമാണ് രൂപാണി അടയ്ക്കേണ്ടിയിരുന്നത്. 2016 മേയിൽ 22 കമ്പനികൾക്കും സെബി കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. എന്നാൽ രൂപാണി മറുപടി നൽകിയില്ലെന്നു സെബി അറിയിച്ചു. 2011 ജനുവരി മുതൽ ജൂൺ വരെയുള്ള കാലത്താണ് കൃത്രിമം നടന്നത്. 2016 ഓഗസ്റ്റിലാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായത്.

പിഴ ചുമത്തപ്പെട്ട 22 പേരിലൊരാളായ ആകാശ് ഹരീഷ്ഭായ് ദേശായ് സാറ്റിൽ നൽകിയ അപ്പീലിലാണു നടപടി. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം നടപടി തീരുമാനിക്കണമെന്ന് സെബിയോട് സാറ്റ് നിര്‍ദ്ദേശിച്ചു. കക്ഷികള്‍ മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. സാരംഗ് കെമിക്കല്‍സിന്റെ ഓഹരി വില്‍പനയെക്കുറിച്ച്‌ 2011ൽ സെബി അന്വേഷണം തുടങ്ങിയിരുന്നു.

അതേസമയം, സെബിയുടെ നടപടി നേരിട്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞയായ ‘മോഷ്ടിക്കുകയുമില്ല, മോഷ്ടിക്കാൻ അനുവദിക്കുകയുമില്ല’ എന്ന വാചകമടിയുടെ മറ്റൊരു വെളിപ്പെടുത്തലാണിതെന്ന് ആരോപിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി.

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യ ഡോവൽ എന്നിവർക്കെതിരായ ആരോപണങ്ങൾക്കു പിന്നാലെയാണു രൂപാണിയുടെ കമ്പനിയുടെയും ക്രമക്കേടുകൾ പുറത്തുവന്നത്. രൂപാണിയുടെ വിഷയത്തിൽ മോദിയുടെ വായടഞ്ഞുപോയെന്നു കോൺഗ്രസ് നേതാവായ അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു. എന്നാൽ സാറ്റിന്റെ നടപടി തത്കാലത്തേക്കു ബിജെപി ക്യാംപിന് ആശ്വസം നൽകുന്നതാണ്.