അരങ്ങേറ്റം ആഘോഷമാക്കി നീലപ്പട; മുംബൈയെ 2–0ന് തകർത്ത് ബെംഗളുരു എഫ്സി

മുംബൈ സിറ്റി എഫ്സിയും ബെംഗളുരു എഫ്സിയും തമ്മിലുള്ള മത്സരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ

ബെംഗളുരു∙ ഐഎസ്എല്‍ അരങ്ങേറ്റം ആഘോഷമാക്കി ബെംഗളുരു എഫ്സി. ബെംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണു നീലപ്പട വരവറിയിച്ചത്.

ഗോൾരഹിതമായിരുന്നു ആദ്യപകുതി. 67–ാം മിനിറ്റിൽ എഡ്വാർഡോ ഗാർസിയ നീലപ്പടയുടെ ആദ്യ ഗോൾ നേടി. കളിയുടെ അവസാന നിമിഷം സുനിൽ ഛെത്രി രണ്ടാം ഗോളും നേടിയതോടെ സ്കോർപട്ടിക പൂർണം. ബെംഗളുരുവിന്റെ ആധിപത്യമാണ് കളിയിലുടനീളം കണ്ടത്. മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്ങിനു പറ്റിയ പിഴവ് മുതലാക്കിയാണു ഛെത്രി ഗോളടിച്ചത്.

മുംബൈ സിറ്റി എഫ്സിയും ബെംഗളുരു എഫ്സിയും തമ്മിലുള്ള മത്സരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ

കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റായ മുംബൈയെ തോൽപ്പിച്ചാണു തുടക്കമെന്നതിൽ നീലപ്പടയ്ക്ക് അഭിമാനിക്കാം. ഇനി ബുധനാഴ്ചയേ ഐഎസ്എൽ മത്സരമുള്ളൂ. അന്ന് പൂണെയില്‍ പൂനെ സിറ്റിയും ഡല്‍ഹി ഡൈനാമോസും ഏറ്റുമുട്ടും.