ന്യൂഡൽഹി∙ സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം ‘പത്മാവതി’ക്ക് യുകെയിൽ പ്രദർശനാനുമതി. ബ്രിട്ടിഷ് സെൻസർ ബോർഡ് ‘യു’ സർട്ടിഫിക്കറ്റോടെയാണ് അനുമതി നൽകിയത്. എന്നാൽ, ഇന്ത്യൻ സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ യുകെയിൽ ചിത്രം റിലീസ് ചെയ്യില്ലെന്നു നിർമാതാക്കൾ അറിയിച്ചു.
ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിനുശേഷമേ സർട്ടിഫിക്കറ്റ് നൽകൂവെന്ന് സെൻസർ ബോർഡ് അറിയിച്ചതോടെ റിലീസ് മാറ്റി. അതിനിടെ, ബിജെപി ഭരണത്തിലുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സിനിമ നിരോധിച്ചു. സംസ്ഥാനത്ത് രജപുത്ര, ക്ഷത്രിയ വിഭാഗങ്ങളിൽപ്പെട്ടവർ ഒരുപാടുണ്ടെന്നും അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് ചിത്രം നിരോധിക്കുന്നതെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കി. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണു നടക്കുന്നത്. താരങ്ങളായ കമൽ ഹാസൻ, പ്രകാശ്‌രാജ്, ഖുശ്ബു, പ്രിയാമണി തുടങ്ങിയവര്‍ ചിത്രത്തിലെ നായിക ദീപികയ്ക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി.
ദീപിക, രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ചിത്രത്തിനു 190 കോടി രൂപയാണ് ചെലവ്. വയാകോം 18 മോഷൻ പിക്ചേഴ്സ്, ബൻസാലി പ്രൊഡക്‌ഷൻസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.