Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്ത നേതാവ് ബിജെപിയിൽ മടങ്ങിയെത്തി

Suraj Pal Amu, Deepika Padukone സൂരജ് പാൽ അമു, ദീപിക പദുക്കോൺ

ചണ്ഡിഗഡ് ∙ വിവാദ ബോളിവുഡ് സിനിമ ‘പത്മാവതി’യിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലയെടുക്കുന്നവർക്കു 10 കോടിരൂപ വാഗ്ദാനം ചെയ്ത ഹരിയാനയിലെ ബിജെപി മുൻ നേതാവ് സൂരജ് പാൽ അമു പാർട്ടിയിൽ മടങ്ങിയെത്തി. 2017 നവംബറിലാണ് സൂരജ് പാൽ അമു വിവാദപ്രസ്താവന നടത്തിയത്. രാജികത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാല തള്ളിയതോടെയാണു സൂരജ് പാൽ അമു പാർട്ടിയിൽ മടങ്ങിയെത്തുന്നത്. സ്വന്തം ഭവനത്തിലേക്കു മടങ്ങിയെത്തുന്ന അനുഭവമാണെന്നു പാർട്ടിയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അമു പ്രതികരിച്ചു. 

വിവാദ പരാമർശങ്ങളുടെ പേരിൽ പാർട്ടി സംസ്ഥാന ഘടകം കാരണംകാണിക്കൽ നോട്ടിസ് നൽകിയതിനു പിന്നാലെയാണ് 2017 നവംബറിൽ പാർട്ടി ചീഫ് മീഡിയ കോഓർഡിനേറ്റർ സ്ഥാനത്തുനിന്ന് അമു രാജിവച്ചത്. പത്മാവതി പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്കു തീവയ്ക്കുമെന്നും നടൻ രൺവീർ സിങ്ങിന്റെ കാലുകൾ തല്ലിയൊടിക്കുമെന്നും അമു നേരത്തേ ഭീഷണി മുഴക്കിയിരുന്നു.