തിരുവനന്തപുരം∙ കേരളത്തിലെ തടവുകാരും ശ്രീലങ്കൻ ജയിൽ ഉദ്യോഗസ്ഥരും തമ്മിലുള്ള ക്രിക്കറ്റ് മൽസരത്തിന് തിരുവനന്തപുരം വേദിയായേക്കും. ഇതുസംബന്ധിച്ച നിർദേശങ്ങൾ ജയിൽ ഡിജിപി ആർ. ശ്രീലേഖ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. മൽസരത്തിന്റെ തയാറെടുപ്പുകളും മറ്റുമുള്ള കാര്യങ്ങൾ വിലയിരുത്തി അറിയിക്കാൻ ശ്രീലേഖയോടു സർക്കാർ ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം കാര്യങ്ങൾ നടന്നാൽ അടുത്തമാസം കേരളത്തിലെ തടവുകാരും ശ്രീലങ്കൻ ജയിൽ ഉദ്യോഗസ്ഥരും തമ്മിലുള്ള ക്രിക്കറ്റ് മൽസരം നടക്കും.
ശ്രീലങ്കൻ ജയിൽ വകുപ്പാണ് ഇത്തരമൊരു ആശയം കൊണ്ടുവന്നത്. കേരളത്തിലെയും ശ്രീലങ്കയിലെയും ജയിൽ വകുപ്പുകൾ തമ്മിൽ വർഷങ്ങൾ നീണ്ട ബന്ധമാണുള്ളത്. ഈ ബന്ധത്തിന് ഊഷ്മളത പകരാനാണ് ഇത്തരമൊരു നിർദേശവുമായി ലങ്കയെത്തിയത്.
അതിനിടെ, സംസ്ഥാന ജയിൽ വകുപ്പ് ആരംഭിച്ച ചപ്പാത്തി നിർമാണം ഉൾപ്പെടെയുള്ള പദ്ധതികൾ പഠിക്കാനും യോജിച്ചവ ലങ്കയിൽ നടപ്പാക്കാനുമായി ശ്രീലങ്കൻ ജയിൽ വകുപ്പ് അധികൃതർ അടുത്തമാസം കേരളത്തിലെത്തുന്നുണ്ട്. ആ സമയം ക്രിക്കറ്റ് മൽസരം നടത്താനാണ് ആലോചനയെന്നും പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്. സന്തോഷ് വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും പൊതുവികാരമാണ് ക്രിക്കറ്റ്. ക്രിക്കറ്റ് താൽപ്പര്യമുള്ള നല്ല പെരുമാറ്റമുള്ള തടവുകാരെ ടീമിൽ അംഗമാക്കും. ഇതിനായി പരിശീലന ക്യാംപുകൾ സംഘടിപ്പിക്കും. നെട്ടുകൽത്തേരിയിലെ തുറന്ന ജയിലിൽ ഇതിനായി ക്യാംപ് ഒരുക്കും, സന്തോഷ് കൂട്ടിച്ചേർത്തു. സംസ്ഥാന ജയില്‍ വകുപ്പിന് സ്വന്തമായി ക്രിക്കറ്റ് ടീമില്ലെങ്കിലും സ്വന്തം വോളിബോൾ ടീമുണ്ട്. ഈ ടീം പല മൽസരങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്.
വലിയ രീതിയിൽ മൽസരം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം തിരഞ്ഞെടുക്കും. അതല്ലെങ്കിൽ മെഡിക്കൽ കോളജിലെ ക്രിക്കറ്റ് ഗ്രൗണ്ട്, വെള്ളായണി കാർഷിക കോളജ് ഗ്രൗണ്ട്, സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ട് ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുമെന്നും സന്തോഷ് അറിയിച്ചു.