ന്യൂഡൽഹി ∙ ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കരുതെന്ന പാക്കിസ്ഥാന്റെ പ്രസ്താവന കോൺഗ്രസിനെ സഹായിക്കാനാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ജനാധിപത്യ സംവിധാനത്തിൽ സ്വന്തം നിലയ്ക്കുതന്നെ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ച് വിജയിക്കാനുള്ള ആർജവം ഇന്ത്യക്കാർക്കുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനും കോൺഗ്രസും കൈകോർക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ ആരോപണത്തിന്റെ ചുവടുപിടിച്ച് ഉടലെടുത്ത വിവാദത്തിലാണ് പ്രസാദിന്റെ അഭിപ്രായപ്രകടനം.
ഇന്ത്യയിലെ ആഭ്യന്തര തിരഞ്ഞെടുപ്പ് വിഷയത്തിലേക്കു തങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് പാക്ക് വിദേശകാര്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളും പാക്കിസ്ഥാൻ ഉദ്യോഗസ്ഥരും മൂന്നു മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്ന മോദിയുടെ ആരോപണം അദ്ദേഹം തള്ളുകയും ചെയ്തിരുന്നു. മാത്രമല്ല, അടിസ്ഥാനരഹിതവും ഉത്തരവാദിത്തരഹിതവുമായ ഇത്തരം കെട്ടുകഥകളിറക്കുന്നതിനു പകരം സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനും ഫൈസൽ ബിജെപിയെ ഉപദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പ്രസാദ് നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യരുടെ വീട്ടിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷണറും മുൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പങ്കെടുത്തെന്ന ആരോപണം ഞായറാഴ്ച ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. ഇതിനുള്ള മറുപടിയാണ് പാക്ക് വിദേശകാര്യ വക്താവ് ട്വിറ്ററിലൂടെ നൽകിയത്.
അതേസമയം, അങ്ങനെയൊരു കൂടിക്കാഴ്ചയേ നടന്നിട്ടില്ലെന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയുടെ നിലപാട് ‘വിചിത്ര’മാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ഇന്നത്തെ പത്രങ്ങളിലെല്ലാം ഇക്കാര്യം വാർത്തയായിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്നുള്ളവരും മൻമോഹൻ സിങ്ങുമൊക്കെ യോഗം ചേർന്നെന്നു വ്യക്തവുമാണ്. അങ്ങനെയൊരു യോഗം നടന്നില്ലെന്നു തെറ്റായി പ്രസ്താവന ഇറക്കുന്നതിന്റെ ആവശ്യകതയെന്താണ്? ഇനി ആരാണ് മാപ്പു പറയേണ്ടത്? പാക്കിസ്ഥാൻ പലവിധത്തിൽ കോൺഗ്രസിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രസാദ് പറഞ്ഞു.