Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പത്മാവതി’യുടെ പേരു മാറ്റി, 26 രംഗങ്ങളും നീക്കും; ഉപാധിയോടെ പ്രദർശനാനുമതി

padmavathi-songs-ek-dil

ന്യൂഡൽഹി ∙ ബോളിവുഡ് വിവാദ സിനിമ ‘പത്മാവതി’യുടെ തടസ്സങ്ങളൊഴിഞ്ഞു. സിനിമ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് ഉപാധികളോടെ അനുമതി നൽകി. ആറംഗ വിദഗ്ധസമിതിക്കു മുൻപാകെ പ്രദർശിപ്പിച്ച ശേഷമാണ് സിനിമയുടെ റിലീസിന് അനുകൂലമായി സെൻസർ ബോർഡ് തീരുമാനമെടുത്തത്.

ഉപാധികളോടെയാണ് പ്രദർശനാനുമതി. സിനിമയുടെ പേര് ‘പത്മാവത്’ എന്നു മാറ്റണം, വിവാദമായേക്കാവുന്ന 26 രംഗങ്ങൾ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ നിർമാതാക്കൾ അംഗീകരിച്ചു. യു‌/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. സിനിമയ്ക്കു ചരിത്രവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും പ്രദർശിപ്പിക്കണം. സതി ആചാരം ഉൾപ്പെടെയുള്ള വിവാദ സീനുകൾ കുറയ്ക്കണം. അടുത്തമാസം നടക്കുന്ന ചർച്ചയ്ക്കു ശേഷമേ അന്തിമാനുമതി നൽകൂവെന്ന് സെൻസർ ബോർഡ് അറിയിച്ചു.

സിനിമയിൽ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിർമാതാക്കളുടെ പ്രസ്താവനയെത്തുടർന്നു ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. മുൻ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉൾപ്പെട്ട സമിതി ചിത്രം കണ്ടു. സിനിമയുടെ പ്രമേയം പൂർണമായും ഭാവനയാണോ ചരിത്രവസ്തുതകളെ ആധാരമാക്കിയാണോ എന്നു വ്യക്തമാക്കേണ്ട ഭാഗത്തു നിർമാതാക്കൾ ഒന്നും എഴുതിയിരുന്നില്ല. ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്നു പിന്നീട് വ്യക്തമാക്കിയ ശേഷമാണ് സമിതി സിനിമ കണ്ടത്.

റിലീസുമായി ബന്ധപ്പെട്ടു സംവിധായകൻ സഞ്ജയ്‌ലീല ബൻസാലി, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി എന്നിവരെ പാർലമെന്റ് സമിതി മുൻപാകെ വിളിച്ചുവരുത്തിയിരുന്നു. തിരഞ്ഞെടുത്ത മാധ്യമങ്ങൾക്കായി പ്രിവ്യൂ നടത്തിയതു സെൻസർ ബോർഡിനെ സ്വാധീനിക്കാനാണെന്നു സമിതി ആരോപിച്ചു. സർട്ടിഫിക്കേഷനു വേണ്ടി ചിത്രം നവംബർ 11നു സമർപ്പിച്ചിരിക്കെ ഡിസംബർ ഒന്ന് റിലീസ് തീയതിയായി മുൻകൂട്ടി പ്രഖ്യാപിച്ചതിലും സമിതി വിയോജിപ്പ് അറിയിച്ചു. രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപിമാരായ സി.പി.ജോഷി, ഓം ബിർല എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.