ബിജെപിയെ വലച്ച് ഗുജറാത്തിൽ നിതിന് പിന്തുണയേറുന്നു; ബന്ദ് പ്രഖ്യാപിച്ച് ലാൽജി

ലാൽജി പട്ടേൽ, നിതിൻ പട്ടേൽ

അഹമ്മദാബാദ് ∙ ബിജെപി തുടർച്ചയായ ആറാം തവണയും വിജയം നേടിയ ഗുജറാത്തിൽ, മന്ത്രിസഭാ രൂപീകരണത്തിൽ അപ്രധാനവകുപ്പുകൾ നൽകി ‘ഒതുക്കി’യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് പിന്തുണയേറുന്നു. നിതിൻ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സർദാർ പട്ടേൽ ഗ്രൂപ്പ് (എസ്പിജി) കൺവീനർ ലാൽജി പട്ടേലും രംഗത്തെത്തിയതോടെ ഗുജറാത്തിലെ മന്ത്രിസഭാ രൂപീകരണം ബിജെപിക്ക് തലവേദനയായി. നിതിൻ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്‌സാനയിൽ പുതുവർഷ ദിനത്തിൽ ബന്ദ് ആചരിക്കാനും ലാൽജി പട്ടേൽ ആഹ്വാനം ചെയ്തു. ഹാർദിക് പട്ടേലിനൊപ്പം പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ലാൽജി.

ബിജെപി വിട്ട് തങ്ങൾക്കൊപ്പം വരാൻ പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേലും കോൺഗ്രസും ക്ഷണിച്ചതിനു പിന്നാലെയാണ് നിതിൻ പട്ടേലിന് പിന്തുണയുമായുള്ള എസ്പിജി കൺവീനറിന്റെ രംഗപ്രവേശം. നിതിൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുമെന്നും ലാൽജി പട്ടേൽ മുന്നറിയിപ്പു നൽകി. അനുയായികളോടൊപ്പം നിതിൻ പട്ടേലിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് ലാൽജി പട്ടേൽ മെഹ്സാനയിൽ ബന്ദ് പ്രഖ്യാപിച്ചത്.

നിതിൻ പട്ടേലിനോട് ബിജെപി ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് ലാൽജി പട്ടേൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേൽ രാജിവച്ചപ്പോൾ നിതിൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു അവരുടെയും ഗുജറാത്ത് ജനതയുടെയും ആഗ്രഹം. നിർഭാഗ്യവശാൽ അതു സംഭവിച്ചില്ല. ഉപമുഖ്യമന്ത്രിയാക്കിയ തീരുമാനത്തെ ബഹുമാനിച്ചു തന്നെ തുടർന്നും അദ്ദേഹം ബിജെപി പ്രവർത്തകനായി തുടർന്നു. എന്നാൽ ഇത്തവണയും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നൽകാതിരുന്നതിന് ന്യായീകരണമില്ല. ഗുജറാത്തിലെ ജനങ്ങൾക്ക് ഇതിൽ കടുത്ത അമർഷവുമുണ്ട്. നിലവിൽ ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യനായ ആൾ നിതിൻ പട്ടേലാണെന്നും ലാൽജി പട്ടേൽ അഭിപ്രായപ്പെട്ടു.

ഞാൻ ഇന്ന് അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ആരായുകയും ചെയ്തു. അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് പാർട്ടി ദേശീയ നേതൃത്വം അറിയിച്ചതയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത് – ലാൽജി പട്ടേൽ വ്യക്തമാക്കി.

ആവശ്യപ്പെട്ട വകുപ്പുകൾ കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്നറിയിച്ച് നിതിൻ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും കത്തയച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് വകുപ്പ് വിഭജനം സംബന്ധിച്ച് മുതിർന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്. മുൻപുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകൾ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം. എന്നാൽ, ഈ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന് നൽകിയില്ല. തുടർന്നാണ് തർക്കം ഉടലെടുത്തത്. ചോദിച്ച വകുപ്പുകൾ മൂന്ന് ദിവസത്തിനകം നൽ‌കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേൽ അറിയിച്ചിട്ടുള്ളത്.