തിരുവനന്തപുരം∙ പാർട്ടിക്കകത്തു കോൺഗ്രസ് വിരുദ്ധവികാരം ശക്തമാക്കാൻ ജില്ലാ സമ്മേളന വേദികളെ സിപിഎം സംസ്ഥാന നേതൃത്വം ഉപയോഗിച്ചു തുടങ്ങി. കോൺഗ്രസ് ബന്ധം സംബന്ധിച്ചു സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിൽ രണ്ടഭിപ്രായം നിലനിൽക്കെയാണ് ഈ ശക്തിസമാഹരണ നീക്കം. ജനറൽസെക്രട്ടറി സീതാറാം യച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും കോൺഗ്രസ് അനുനയ സമീപനത്തിനു വഴങ്ങാനില്ലെന്ന പ്രഖ്യാപനവേദിയായി ജില്ലാസമ്മേളനങ്ങൾ മാറുകയാണ്.
ഇതുവരെ കഴിഞ്ഞ വയനാട്, തൃശൂർ, പത്തനംതിട്ട, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലാസമ്മേളനങ്ങളുടെ ഉദ്ഘാടന, സമാപനപ്രസംഗങ്ങളിലും ഉൾപ്പാർട്ടി ചർച്ചകൾക്കു നൽകിയ മറുപടികളിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ കോൺഗ്രസ് വിരുദ്ധ നിലപാടാണു തുറന്നടിച്ചത്. ഇതു സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടായി ചർച്ച ചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കവുമാണ്. പാർട്ടി സമ്മേളനവേദികളിലെ പ്രസംഗങ്ങളുടെ ഉള്ളടക്കം അതു ചെയ്യുന്ന നേതാക്കളുടെ നിലപാടല്ല. അവിടെ എന്തു പ്രസംഗിക്കണമെന്നു പാർട്ടി മുൻകൂട്ടി ചർച്ച ചെയ്തു തീരുമാനിക്കാറുണ്ട്. പിണറായിയും കോടിയേരിയും ഒരേ വാദമുഖങ്ങൾ അവതരിപ്പിക്കുന്നതു ഈ സാഹചര്യത്തിലാണ്.
ബിജെപിക്കെതിരെ കോൺഗ്രസടക്കമുള്ളവരുടെ വിശാലചേരി വേണമെന്നു യച്ചൂരിയും അതു വേണ്ടെന്നു പ്രകാശ് കാരാട്ട്–പിണറായി വിജയൻ അച്ചുതണ്ടും നിലപാടെടുത്തിരിക്കുകയാണ്. ഈ തർക്കം മൂലം പാർട്ടി കോൺഗ്രസിന്റെ കരടു രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നൽകാനാവാതെ കഴിഞ്ഞ കേന്ദ്രകമ്മിറ്റിക്കു പിരിയേണ്ടിവന്നു. അഭിപ്രായ ഐക്യ പ്രതീക്ഷയിൽ 18നു വീണ്ടും പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങൾ ചേരാനിരിക്കെയാണു വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന സൂചന കേരള നേതൃത്വം നൽകുന്നത്. കേരളത്തിലെ പാർട്ടിയുടെയാകെ വികാരം ഇതാണെന്നു കേന്ദ്രകമ്മിറ്റിക്കു മുമ്പാകെ സമർഥിക്കാനുള്ള ശ്രമവും ഇതിലുണ്ട്.
ബിജെപി മുതലെടുക്കുമെന്നു വാദം
കോൺഗ്രസുമായി സന്ധിയായെന്ന തോന്നൽ കേരളത്തിൽ ബിജെപി മുതലെടുക്കുമെന്നും കേരളനേതൃത്വം കരുതുന്നു. മുഖ്യശത്രു ബിജെപി തന്നെ. എന്നാൽ ബിജെപിക്കെതിരെ വിശ്വാസ്യതയുളള ബദലായി ഉയരാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. ബംഗാളിൽ തന്നെ കോൺഗ്രസുമായി ചേർന്നിട്ടു പാർട്ടി പരാജയപ്പെട്ടു. യുപിയിൽ മുലായംസിങ് യാദവിനു പറ്റിയതും അതുതന്നെ. വർഗീയതയോടു സന്ധി ചെയ്തും ഉദാരവൽക്കരണത്തെ പുൽകിയുമാണു കോൺഗ്രസ് മുന്നോട്ടുപോകുന്നത്. സോണിയാഗാന്ധി മാറി രാഹുൽഗാന്ധി വന്നതുകൊണ്ട് ആ നയങ്ങളിൽ മാറ്റമുണ്ടായിട്ടില്ല. പ്രക്ഷോഭങ്ങളിൽ കൂട്ടായി അണിചേരുന്നതിനു പാർട്ടി എതിരല്ല. എന്നാൽ രാഷ്ട്രീയമായ നീക്കുപോക്കു കോൺഗ്രസുമായി സാധ്യമല്ല–: സംസ്ഥാനനേതൃത്വം മുന്നോട്ടുവയ്ക്കുന്നത് ഈ വാദമുഖങ്ങളാണ്.
സിപിഐ എന്തു പറയും?
ബിജെപിക്കെതിരായ വിശാലവേദിയിൽ കോൺഗ്രസ് വേണ്ടെന്നു സിപിഎം കേരളനേതൃത്വം ആവർത്തിക്കുന്നതിനിടയിൽ ഈ ഏഴിനാരംഭിക്കുന്ന സിപിഐ ജില്ലാസമ്മേളനങ്ങളിലേയ്ക്കാണ് ഇനി ശ്രദ്ധ. കോൺഗ്രസിനെ മാറ്റിനിർത്തുന്ന സിപിഎമ്മിന്റെ നിലപാട് അപക്വമാണെന്ന പരസ്യമായ അഭിപ്രായപ്രകടനങ്ങൾ സിപിഐയിൽ നിന്നുണ്ടായിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസിന്റെ കരടു രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം കൊടുക്കാനായി ഏഴ്, ഏട്ട്, ഒൻപതു തീയതികളിൽ സിപിഐ ദേശീയനേതൃയോഗങ്ങൾ വിജയവാഡയിൽ ചേരും.