ആണവ ദാതാക്കളുടെ സംഘത്തിലേക്ക് ഇന്ത്യയും; എജിയിൽ അംഗത്വമായി

രാജ്യാന്തര ആണവോർജ എജൻസിയുടെ ആസ്ഥാനം. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ആണവ ദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) അംഗത്വം നേടാനുള്ള ശ്രമങ്ങളിൽ ഒരു ചുവടു കൂടി മുന്നോട്ടു വച്ച് ഇന്ത്യ. ഏറെക്കാലമായുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് സഹായകരമാകുക ഓസ്ട്രേലിയ ഗ്രൂപ്പിലെ(എജി) അംഗത്വമാണ്. എജിയിൽ അംഗത്വം നേടിയതോടെ ആണവ നിർവ്യാപന പദവിയിലേക്ക് ഇന്ത്യ ഉയർത്തപ്പെടുമെന്നാണു കരുതുന്നത്. എൻഎസ്ജിയിൽ അംഗത്വം ലഭിക്കുന്നതിനുള്ള പ്രധാന കടമ്പയാണ് അതോടെ ഇന്ത്യ മറികടക്കുക.

അടുത്തിടെയാണു മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജീം (എംടിസിആര്‍) അംഗത്വം ഇന്ത്യ നേടിയത്. രാജ്യാന്തര തലത്തിൽ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. കൂടാതെ, ആയുധ കയറ്റുമതി നിയന്ത്രണങ്ങൾക്കുള്ള രാജ്യാന്തര കൂട്ടായ്മയായ വസേനാർ അറേഞ്ച്മെന്റിലും (ഡബ്ല്യുഎ) ഇന്ത്യ അംഗമാണ്. ഇതിനുപിന്നാലെയാണ് എജിയിലും പങ്കാളിത്തം സ്വന്തമാക്കിയത്.

ജൈവ, രാസ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഭരണകൂടമോ ഭീകരരോ കൈകാര്യം ചെയ്യുന്നതിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ, സഹകരണ രാഷ്ട്രങ്ങളുടെ സംഘമാണ് എജി. ഈ മൂന്നു കൂട്ടായ്മകളിലെ അംഗത്വം എൻഎസ്ജി പ്രവേശനത്തിനു സാധ്യത വർധിപ്പിക്കുമെന്നാണു വിലയിരുത്തൽ.

അതേസമയം, എൻഎസ്ജിയിൽ പുതുതായി ആരെയും ചേർക്കേണ്ടതില്ലെന്ന നിലപാടിലാണു ചൈന. സമാധാന ആവശ്യങ്ങൾക്കെന്ന പേരിൽ എൻഎസ്ജി അനുമതിയോടെ സ്വന്തമാക്കിയ ആണവ സാമഗ്രികൾ, ഇന്ത്യ ആയുധരൂപത്തിലേക്കു മാറ്റുന്നുവെന്ന് പാക്കിസ്ഥാനും ആരോപിക്കുന്നു.