Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനവുമായി വീണ്ടും എഡ്വേഡ് സ്നോഡൻ; ആധാർ നിർബന്ധമാക്കരുത്

snowden

ന്യൂഡൽഹി∙ ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിനു പിന്നാലെ കൂടുതൽ വിമർശനങ്ങളുമായി സാങ്കേതിക വിദഗ്ധൻ എഡ്വേഡ് സ്നോഡൻ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ‘വിവിധ സേവനങ്ങളിലേക്ക് തികച്ചും അനുയോജ്യമല്ലാത്ത വിധം തയാറാക്കിയ പ്രവേശന കവാടമാണ്’ ആധാർ എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ രേഖകൾ പുറത്തുവിട്ടു യുഎസ് ഭരണകൂടത്തെ മുൾമുനയിൽ നിർത്തിയതിലൂടെ  ശ്രദ്ധനേടിയ അദ്ദേഹം ഉന്നയിച്ചത്.

വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനെ ക്രിമിനൽ നടപടിയായി കണക്കാക്കി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചാര സംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിന്റെ(റോ) മുൻ തലവൻ കെ.സി.വർമ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡൻ തന്റെ വിശദീകരണം നൽകിയിരിക്കുന്നത്. 

ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും ആധാറിനു വേണ്ടി നിർബന്ധബുദ്ധിയോടെ നിലകൊള്ളുന്നതിനെയും അദ്ദേഹം വിമർശിച്ചു. ആധാര്‍ തിരിച്ചറിയൽ രേഖയാണെന്നും അല്ലാതെ വ്യക്തിവിവരങ്ങൾ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള  യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ട്വീറ്റിനെയും സ്നോഡൻ വിമർശിച്ചു. 

വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ, ഓഹരി വിവരങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, സ്വത്തുവിവരങ്ങൾ, ആരോഗ്യവിവരങ്ങള്‍, കുടുംബവിവരങ്ങൾ, മതം, ജാതി, വിദ്യാഭ്യാസം ഇതിനെപ്പറ്റിയൊന്നും ഒരു വിവരവും ഡേറ്റാബേസിലില്ലെന്നും ട്വീറ്റിൽ യുഐഡിഎഐ പറഞ്ഞിരുന്നു. ആധാറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനുള്ളതെന്ന ഹാഷ്ടാഗോടെയായിരുന്നു വിശദീകരണം.

എഴുത്തും വായനയും അറിയാത്ത ഇന്ത്യക്കാർക്ക് എന്ത് ആധാർ വെർച്വൽ ഐഡി?

എന്നാൽ ബാങ്കുകളെയും ഭൂഉടമകളെയും ആശുപത്രികളെയും സ്കൂളുകളെയും  ഫോൺ–ഇന്റർനെറ്റ് കമ്പനികളെയും  ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് നിയമം മൂലം മാറ്റിനിർത്തിയാൽ മാത്രമേ അത്തരമൊരു കാര്യം സാധ്യമാകൂ എന്നായിരുന്നു സ്നോഡന്റെ മറുപടി. 

സർക്കാർ ഏജൻസികൾ മാത്രമല്ല ഇന്ത്യയിൽ ആധാര്‍ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ആരോടു ചോദിച്ചാലും മനസ്സിലാകും. അത്തരം കമ്പനികളുടെ കയ്യിലും ആധാർ ഡേറ്റാബേസ് ഉണ്ടാകുമെന്ന് ഓർക്കണമെന്നും  സ്നോഡൻ ചൂണ്ടിക്കാട്ടി. ജനുവരിയിൽ മാത്രം ഇതു മൂന്നാം തവണയാണ് ഈ മുൻ യുഎസ് ദേശീയ സുരക്ഷാ ഏജൻസി(എൻഎസ്എ) താത്കാലിക ജീവനക്കാരൻ ആധാറിനെതിരെ രംഗത്തെത്തുന്നത്.