Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറം ജില്ലാ പഞ്ചായത്ത് സമ്മേളനഹാളിൽ പൊലീസ്; പ്രതിഷേധവുമായി അംഗങ്ങൾ

Malappuram-District-panchayath-Clash-1 യോഗം നിർത്തിവച്ചതിനെ ചൊല്ലി എൽഡിഎഫ് – യുഡിഎഫ് അംഗങ്ങൾ തമ്മിൽ വാഗ്വാദം ഉണ്ടായപ്പോൾ. ചിത്രം: സമീർ എ. ഹമീദ്

മലപ്പുറം ∙ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളിൽ പൊലീസ് കയറിയെന്നാരോപിച്ചു പ്രസിഡന്റും അംഗങ്ങളും യോഗം നിർത്തി ഇറങ്ങിപ്പോയി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും സ്ഥിരംസമിതി അധ്യക്ഷനുമായ ഉമ്മർ അറക്കലിനെ അറസ്റ്റു ചെയ്യാനെന്ന പേരിൽ പ്രോട്ടോക്കോൾ ലംഘിച്ചു പൊലീസ് യോഗസ്ഥലത്തു കയറിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

പെരിന്തൽമണ്ണയിൽ നേരത്തേയുണ്ടായ എസ്‌എഫ്‌ഐ - മുസ്‌ലിം ലീഗ്‌ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണു ഉമ്മർ അറക്കൽ. അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നു പൊലീസുകാർ ജില്ലാ പഞ്ചായത്ത്‌ ഓഫിസിൽനിന്നു മടങ്ങി. കള്ളക്കേസിൽ ഉമ്മർ അറക്കലിനെ കുടുക്കാൻ അനുവദിക്കില്ലെന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

യോഗം നിർത്തിവച്ചതിനെച്ചൊല്ലി എൽഡിഎഫ്‌, യുഡിഎഫ്‌ അംഗങ്ങൾ തമ്മിൽ വാഗ്വാദമുണ്ടായി. സിപിഎം അംഗങ്ങൾ യോഗം ബഹിഷ്കരിച്ചില്ല. ആദ്യഘട്ടത്തിൽ ഹാൾ വിട്ട്‌ ഇറങ്ങാതിരുന്ന സിപിഎം അംഗങ്ങൾ യോഗം പുനഃരാരംഭിച്ചപ്പോൾ പുറത്തിറങ്ങി. ജില്ലാ പഞ്ചായത്ത്‌ യോഗം ഇടയ്ക്കു നിർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. യോഗം ബഹിഷ്കരിച്ച യുഡിഎഫ്‌ അംഗങ്ങൾ ഓഫിസ്‌ കവാടത്തിൽ പ്രതിഷേധിച്ചു.