തിരുവനന്തപുരം ∙ `രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി' (RIT)രൂപകൽപനചെയ്ത ആദ്യത്തെ മലയാളം യൂണികോഡ് ഫോണ്ട് ‘സുന്ദർ’ ഡോ. ഇക്ബാൽ പ്രകാശനം ചെയ്തു. നാരായണ ഭട്ടതിരിയുടെ കാലിഗ്രഫിയെ (കൈപ്പട) ആഗോളതലത്തിലെത്തിച്ച കഥാകൃത്തും ചിത്രകാരനുമായിരുന്ന പരേതനായ സുന്ദറിന്റെ ഓർമ്മയ്ക്കായി ‘സുന്ദർ’ എന്നു നാമകരണം ചെയ്ത ഫോണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയാണ് ഏറ്റുവാങ്ങിയത്.
തലക്കെട്ടുകൾക്കു പറ്റിയ നല്ല അലങ്കാരഫോണ്ടുകൾ ഇല്ലാത്തതിനാൽ യൂണിക്കോഡ് അച്ചടിയിലേക്കു മാറാൻ വിമുഖത പുലർത്തുന്ന പുസ്തക, ആനുകാലിക, പത്ര പ്രസാധകർക്ക് ഈ സംരംഭം വലിയ ആശ്വാസവും പ്രോത്സാഹനവും ആകുമെന്ന് ഡോ. ഇക്ബാൽ പറഞ്ഞു. പ്രതിഫലേച്ഛ കൂടാതെ ഭാഷാസാങ്കേതികവിദ്യയെ മുന്നോട്ടു കൊണ്ടുപോകുന്ന സന്നദ്ധപ്രവർത്തകരായ യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. മാസം ഒരു ഫോണ്ടുവീതം ഒരു വർഷംകൊണ്ട് 12 ഫോണ്ടുകൾ പുറത്തിറക്കാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നതെന്ന് അദ്ധ്യക്ഷതവഹിച്ച രചന ഇൻസ്റ്റിറ്റ്യൂട്ട് മേധാവി കെ.എച്ച്. ഹുസൈൻ പറഞ്ഞു.
അടുത്ത രണ്ടു വർഷത്തിനകം മലയാളം പ്രസാധനത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾക്കായി ഒരുങ്ങിയിരിക്കാൻ പദ്ധതിക്കു ധന-സാങ്കേതികപിന്തുണകൾ നൽകുന്ന`സായാഹ്ന ഫൗണ്ടേഷ'ന്റെ സാരഥിയായ സി.വി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. യൂണികോഡിലേക്കുള്ള ടൈപ്പ് സെറ്റിങ്ങിന്റെ മാറ്റം കേവലം അച്ചടിക്കുവേണ്ടി മാത്രമുള്ളതല്ലെന്നും കാലകാലത്തേയ്ക്കുള്ള മലയാളം ഉള്ളടക്കങ്ങളുടെ പാഠസംരക്ഷണത്തിനായുള്ള സ്വതന്ത്ര അവസരങ്ങളൊരുക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭാഷാസാങ്കേതികത പ്രധാനമായും അക്ഷരസാങ്കേതികതയാണ്. അച്ചടിയിലേക്കു വരുമ്പോൾ അക്ഷരസൗന്ദര്യങ്ങൾ വലിയൊരു ഡിമാൻഡായി മാറുന്നു. എണ്ണപ്പെട്ട അലങ്കാരഫോണ്ടുകൾ സ്വതന്ത്രമായി ജനങ്ങൾക്കു ലഭ്യമായാലേ കഴിഞ്ഞ കാൽനൂറ്റാണ്ടായി നിലവിൽക്കുന്ന ഡിടിപി സംരംഭങ്ങളെയും മലയാളം കമ്പ്യൂട്ടിങ്ങിനെയും ആധുനികീകരിച്ച് പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.അതിനായുള്ള ശ്രമങ്ങൾക്കു് നേതൃത്വം നൽകുന്ന സി.വി. രാധാകൃഷ്ണൻ (സിവിആർ) ഇന്ത്യയിൽ ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ സ്ഥാപിക്കാൻ റിച്ചാർഡ് സ്റ്റാൾമേനോടൊപ്പം മുൻനിരയിൽ പ്രവർത്തിച്ചയാളാണ്. രചനയുടെ സമഗ്രലിപി സഞ്ചയത്തിലധിഷ്ഠിതമായ യൂണികോഡ് അലങ്കാരഫോണ്ടുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കുന്ന പദ്ധതിയുമായി രചന ഇൻസ്റ്റിറ്റ്യൂട്ട്മുന്നോട്ടു പോകുകയാണ്. വരാൻ പോകുന്ന എല്ലാ ഫോണ്ടുകളുടെയും പ്രകാശനോദ്ഘാടനംകൂടിയാണു നടന്നത്.
സി. വി. രാധാകൃഷ്ണനെയും ഹുസൈനെയും കൂടാതെനാരായണ ഭട്ടതിരി (കാലിഗ്രാഫി),രജീഷ് കെ. നമ്പ്യാർ (ആലേഖനസാങ്കേതികത) എന്നിവരും എസ്ടിഎം ഡോക്സ് (STM Docs http://stmdocs.in/) എന്ന പ്രശസ്ത ടൈപ്പ്സെറ്റിങ്ങ് സ്ഥാപനത്തിലെ ഗ്രാഫിക്സ് വിഭാഗവും പദ്ധതിയിൽ പ്രവർത്തിക്കുന്നു. സുന്ദർ അടക്കം രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി നിർമ്മിക്കുന്ന എല്ലാ ഫോണ്ടുകളുംhttp://rachana.org.in/ -ൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഡോ. ഹേമചന്ദ്രൻ, ഡോ. തുളസി,ഡോ. രാമൻ നായർ, മനോജ് കെ. പുതിയവിള, ആത്മാരാമൻ, പ്രവീൺ അരിമ്പ്രത്തൊടി, ഡോ. ശശികുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.