Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു; തെളി മലയാളത്തിന്റെ ഉപാസകൻ

panmana-ramachandran-nair പന്മന രാമചന്ദ്രൻ നായർ. (ഫയൽ ചിത്രം മനോരമ)

തിരുവനന്തപുരം∙ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു. 86 വയസ്സായിരുന്നു. വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. തെറ്റുകളുടെ കാർമേഘങ്ങൾ നീക്കി മലയാളത്തെ തെളിഞ്ഞ ഭാഷയാക്കലായിരുന്നു പന്മനയുടെ ജീവിതം. ഭാഷാശുദ്ധി ലക്ഷ്യമിട്ട് ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. അവസാന കാലം വരെയും തെളിമലയാളം പഠിപ്പിക്കാൻ ക്ലാസുകളെടുത്തിരുന്നു.

1931 ആഗസ്‌റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയിൽ ജനിച്ചു. അച്‌ഛൻ: എൻ.കുഞ്ചു നായർ. അമ്മ: എൻ.ലക്ഷ്‌മിക്കുട്ടിയമ്മ. സംസ്‌കൃതത്തിൽ ‘ശാസ്‌ത്രി’യും ഫിസിക്‌സിൽ ബിഎസ്‍സി ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ ജയിച്ച് (1957) ഡോ. ഗോദവർമ്മസ്‌മാരക സമ്മാനം നേടി. രണ്ടുകൊല്ലം മലയാളം ലക്‌സിക്കണിൽ.

തുടർന്ന് പാലക്കാട്, ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളേജുകളിൽ അധ്യാപകൻ. യൂണിവേഴ്‌സിറ്റി കോളജിൽ മലയാളവിഭാഗം അധ്യക്ഷനായിരിക്കെ 1987ൽ സർവീസിൽനിന്നു പിരിഞ്ഞു. കേരളഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവർത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സർവകലാശാല സെനറ്റിലും അംഗമായിരുന്നു. ഭാര്യ: കെ.എൻ.ഗോമതിയമ്മ. 

പ്രഫ. എസ്.ഗുപ്തൻ നായർ എന്ന വകുപ്പുമേധാവിയാണു പന്മനയിലെ അധ്യാപകനെ തേച്ചുമിനുക്കിയത്. അക്കാലത്തു ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു പന്മന. അദ്ദേഹത്തെ അനുകരിച്ച് ഒട്ടേറെ അനുരാഗ കവിതകളെഴുതി. കഥയും കവിതയുമൊക്കെ എഴുതാൻ നല്ല കഴിവുള്ള ഒട്ടേറെപ്പേരുണ്ടെന്നു തിരിച്ചറിഞ്ഞാണു ഭാഷാശുദ്ധി എന്ന വേറിട്ട മേഖല പന്മന തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ലെന്നു മാത്രമല്ല, അനിവാര്യതയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.