തിരുവനന്തപുരം∙ പൊലീസിന്റെ നിരോധനം മറികടന്നു സംസ്ഥാനത്തു വീണ്ടും സിനിമ പൈറസി സൈറ്റുകള്‍. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐപി വിലാസം ഉപയോഗിച്ചാണു സൈറ്റുകളുടെ പ്രവര്‍ത്തനം. അടുത്തിടെ റിലീസായ പ്രണവ് മോഹൻലാൽ ചിത്രം ആദി, മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് അടക്കം പത്തിലേറെ മലയാള ചിത്രങ്ങള്‍ തമിഴ് റോക്കേഴ്സ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.
മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു സൈറ്റുകള്‍ പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ പരസ്യവരുമാനമാണു നേടുന്നതെന്നും റിപ്പോർട്ടുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രമായി ആദി തിയറ്ററിലോടുമ്പോള്‍ പൈറസി സൈറ്റിലും നിറയുകയാണ്. തമിഴ് റോക്കേഴ്സ് സൈറ്റില്‍ രണ്ടു ദിവസം കൊണ്ട് അറുപതിനായിരത്തിലേറെപ്പേരാണു ചിത്രം കണ്ടത്. ഏറ്റവും പ്രധാന പൈറസി സൈറ്റായ തമിഴ് റോക്കേഴ്സിനെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ടുമാസം മുന്‍പു ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പൂര്‍വാധികം സജീവമായി സൈറ്റ് തിരിച്ചെത്തി.
തമിഴ് റോക്കേഴ്സ് ഡോട്ട് കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐപി അഡ്രസിലാണു ഇപ്പോൾ പ്രവര്‍ത്തനം. നെതര്‍ലൻഡില്‍ നിന്നുള്ള എന്‍ഫോഴ്സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണു സൈറ്റില്‍ കാണുന്നത്. മായാനദി, മാസ്റ്റര്‍പീസ്, ക്വീന്‍ തുടങ്ങിയ മലയാള ചിത്രങ്ങളും തമിഴ്, ഹിന്ദി ഭാഷകളിലെ അമ്പതിലേറെ പുതുചിത്രങ്ങളും സൈറ്റിലുണ്ട്.
പലതും സൈറ്റിലെത്തി ദിവസങ്ങളായിട്ടും ഡിലീറ്റ് ചെയ്യാനും സാധിച്ചിട്ടില്ല. ഇങ്ങനെ സിനിമ പ്രദര്‍ശിപ്പിച്ച് ഒരു മാസം 18 ലക്ഷം രൂപയാണ് ഈ സൈറ്റ് മാത്രം വരുമാനമുണ്ടാക്കുന്നത്. നിര്‍മാതാവിനുപോലും ലഭിക്കാത്ത ലാഭമാണ് ഒന്നുംരണ്ടും ദിവസം കൊണ്ട് പൈറസി സൈറ്റുകള്‍ നേടുന്നതെന്നും പറയപ്പെടുന്നു. ഇവയ്ക്കു തടയിടണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണു പൊലീസിന്റെയും സൈബര്‍ വിദഗ്ധരുടെയും നിലപാട്.