Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമ പ്രവർത്തകരെ പേടിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നു: ടി.ജെ.എസ്. ജോർജ്

media-ban-tvm പ്രതീകാത്മക ചിത്രം.

കോഴിക്കോട് ∙ മാധ്യമ പ്രവർത്തകരെ പേടിപ്പിച്ച് ഇരുത്താൻ ഭരണകൂടം ശ്രമിക്കുന്നതായി മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.ജെ.എസ്. ജോർജ്. ഭയവും ആശങ്കയും നിറഞ്ഞ  അന്തരീക്ഷത്തിലാണു ജീവിക്കുന്നത്. മാധ്യമരംഗത്ത് അഴിമതി വളർന്നിട്ടുണ്ട് എന്നതൊരു സത്യമാണ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘മാധ്യമങ്ങളുടെ ദുരവസ്ഥ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാങ്കേതികമായി മുന്നോട്ടു പോയപ്പോൾ പ്രഫഷനലായി മാധ്യമങ്ങൾ ഏറെ പിറകോട്ടു പോയി. ഒന്നും രണ്ടും മൂന്നും എസ്റ്റേറ്റുകൾക്ക് അപചയം സംഭവിക്കുമ്പോൾ ഫോർത്ത് എസ്റ്റേറ്റിനു മാത്രം പിടിച്ചു നിൽക്കുക സാധ്യമാണോ. അടിയന്തരാവസ്ഥയുടെ കാലത്തു കാര്യങ്ങൾ കുറച്ചുകൂടി സുതാര്യമായിരുന്നു. എന്തു ചെയ്യണം, ചെയ്തു കൂടാ എന്നു കൃത്യമായി അറിയിച്ചിരുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇക്കാലത്ത് എന്തൊക്കെ ചെയ്യാം, ചെയ്യാൻ പാടില്ല എന്നറിയാൻ കഴിയുന്നില്ല.

ദേശീയതയ്ക്കും ദേശസ്നേഹത്തിനും പുത്തൻ വ്യാഖ്യാനങ്ങൾ വന്നിരിക്കുന്നു. പത്രപ്രവർത്തനത്തിലും ഈ വ്യാഖ്യാനങ്ങൾ കടന്നുകൂടിയിട്ടുണ്ട്. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനലുകൾ ഉച്ചത്തിൽ പാക്കിസ്ഥാനെ ചീത്തവിളിക്കുന്നു. ഭരണാധികാരികളെ വാനോളം പുകഴ്ത്തുന്നു. ചരിത്രത്തെ തിരുത്താൻ ഭരണകൂടം തിടുക്കം കൂട്ടുമ്പോൾ ഭൂരിപക്ഷം മാധ്യമങ്ങളും വഴങ്ങുന്നു. മാധ്യമപ്രവർത്തനം ഇന്നു പൊതുവേ ആശയക്കുഴപ്പത്തിലാണ്. ഒരുവശത്തു പച്ചക്കള്ളം അവതരിപ്പിക്കപ്പെടുന്നു. കള്ളവും സത്യവും വേർതിരിച്ചെടുക്കാനാവാതെ കിടക്കുകയാണ്.

ഇന്ത്യയിലെ ദൃശ്യമാധ്യമ പ്രവർത്തനം അദ്ഭുതമാണ്. 10 പേർ ഒരേ സമയം അട്ടഹസിക്കുന്നു. 10 പേരെയും മലർത്തിയടിച്ച് അവതാരകൻ ഭീകരമായി അട്ടഹസിക്കുന്നു. അവതാരകന്റെ അഭിപ്രായമാണു വാർത്തയായി വരുന്നത്. എതിരഭിപ്രായം ഉന്നയിക്കുന്നവർ രാജ്യദ്രോഹികളുമാകുന്നു. ഇംഗ്ലിഷ് വാർത്താചാനലുകളാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും ടിജെഎസ് പറഞ്ഞു. ടി.പി.ചെറൂപ്പ വിഷയാവതരണം നടത്തി.