ന്യൂഡൽഹി∙ തനിക്കു ലഭിച്ച സാഹിത്യ അക്കാദമി പുരസ്കാരത്തുകയിൽനിന്ന് മൂന്നു രൂപ മാത്രമേ എടുക്കുകയുള്ളെന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി. ബാക്കി തുക പൂർണമായും വർഗീയവാദികളുടെ കയ്യാൽ കൊല്ലപ്പെട്ട ജുനൈദ് ഖാന്റെ അമ്മയ്ക്കു നൽകുമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. മുസ്‌ലിം ആയതിന്റെ പേരിൽ ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദ്ദനവും കത്തിക്കുത്തുമേറ്റാണു ജുനൈദ് കൊല്ലപ്പെട്ടത്.
‘ഈ തുക ജുനൈദിന്റെ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു. അതുവഴി യഥാർഥ ഹിന്ദു പാരമ്പര്യമാണ് താൻ കാട്ടുന്നത്. താൻ യഥാർഥ ഹിന്ദുവാണ്. തന്റെ എളിയ പ്രവൃത്തി ഇന്ത്യയുടെ സാഹിത്യ സമൂഹം അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു’ – കെ.പി. രാമനുണ്ണി വ്യക്തമാക്കി.
ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് രാമനുണ്ണിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.