ചെന്നൈ∙ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി തമിഴ് സിനിമാ താരങ്ങളായ കമൽ ഹാസനും രജനീകാന്തും കൂടിക്കാഴ്ച നടത്തി. പോയസ് ഗാർഡനിലെ വീട്ടിലെത്തിയാണു കമൽ ഹാസൻ രജനീകാന്തിനെ കണ്ടത്. സന്ദർശനത്തിനു രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം കമൽ ഹാസൻ പറഞ്ഞു. കമലിന്റെ രാഷ്ട്രീയ പ്രവേശനം വിജയമാകാൻ ദൈവത്തോടു പ്രാർഥിക്കുന്നതായി രജനീകാന്ത് വ്യക്തമാക്കി. ജന നന്‍മ മാത്രമാണു രാഷ്ട്രീയത്തിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നതെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിയെയും വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെയും കമൽ സന്ദർശിച്ചു. ചെന്നൈ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് കമൽ ഇരുവരുമായും കൂടികാഴ്ച നടത്തിയത്.
ബുധനാഴ്ച കമൽ ഹാസൻ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്താനിരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം രാമനാഥപുരത്താണു കമൽ ഹാസന്റെ ആദ്യ പൊതുയോഗം നടക്കുക. ശേഷം പരമക്കുടിയിലും മനമാധുരൈയിലും അദ്ദേഹം ജനങ്ങളെക്കാണും. പിന്നീട് മധുരയില്‍ പാർട്ടി പ്രഖ്യാപനം നടത്തും. അതിനു മുന്നോടിയായി മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വസതിയും അദ്ദേഹം പഠിച്ച സ്കൂളിലും കമൽ ഹാസൻ സന്ദർശനം നടത്തും. കലാം സ്വപ്നം കണ്ട പോലുള്ള തമിഴ്നാട് രൂപീകരിക്കുകയാണു ലക്ഷ്യമെന്ന് കമൽ ഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു.