ദേര കലാപം: രാജ്യദ്രോഹ, കൊലപാതക കുറ്റങ്ങൾ നിലനിൽക്കില്ലെന്നു കോടതി

ദേര കലാപത്തിൽ അഗ്നിക്കിരയായ വാഹനം (ഫയൽചിത്രം)

പഞ്ച്കുള∙  ഹരിയാനയിലെ പഞ്ച്കുള കലാപത്തിൽ പ്രതികളായ 53 ദേര സച്ചാ സൗദ പ്രവർത്തകര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പഞ്ച്കുള കോടതി. കുറ്റം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ സമർപ്പിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായും  കോടതി കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരായ സിസിടിവി ദൃശ്യങ്ങൾ പോലും പൊലീസുദ്യോഗസ്ഥർ കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ദേര സച്ചാ സൗദയുടെ മുഖ്യനേതാവ് ചംകൗർ സിങ്, മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സുരീന്ദർ ധിമാൻ ഇൻസാൻ എന്നിവരടക്കം കേസിൽ പ്രതികളാണ്. കോടതി നടപടിയോടെ ഇന്ത്യൻ പീനൽ കോ‍ഡ് 307, 121, 121 എ വകുപ്പുകളില്‍പെടുന്ന കുറ്റങ്ങൾ ഒഴിവാക്കും. കേസിൽ പിടിയിലായ 53 പേരുടെ വിചാരണ നടക്കുന്നത് പഞ്ച്കുള ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ്. 

കഴിഞ്ഞ ഓഗസ്റ്റ് 25ന് ദേര തലവന്‍ ഗുർമീത് റാം റഹിമിന് തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഹരിയാനയിൽ 36 പേർക്കാണ് ജീവൻ നഷ്ടമായത്. മാനഭംഗക്കേസിൽ സിബിഐ പ്രത്യേക കോടതിയാണ് ഗുർമീത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കലാപത്തിൽ ഹരിയാനയ്ക്ക് 126 കോടി രൂപയുടെ നഷ്ടമുണ്ടായതായി നേരത്തെ കണക്കാക്കിയിരുന്നു. അക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ രവീന്ദർ സിങ് ധുൽ സമർപ്പിച്ച ഹർജി പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.