ഹോങ്കോങ്∙ ആധുനിക കാലത്തെ ‘പട്ടുപാത’യുമായി എത്തിയ ചൈനയുടെ നീക്കങ്ങൾക്കു യൂറോപ്പിൽ തിരിച്ചടി. ബില്യൺകണക്കിനു ഡോളർ ചെലവുവരുന്ന വൺ ബെൽറ്റ് വൺ റോഡ് (ഒബിഒആർ) പദ്ധതിയുടെ യൂറോപ്പിലെ മുന്നേറ്റങ്ങൾക്കു തടസ്സം ചൈനയുടെ നിഗൂഢ നിലപാടുകൾ തന്നെ. മേഖലയിൽ ഭൂമിശാസ്ത്രപരമായും സാമ്പത്തികപരമായും ചൈന മുൻതൂക്കം നേടുമെന്ന ഭീതിയാണു യൂറോപ്യൻ രാജ്യങ്ങളെ പദ്ധതിയിൽനിന്നു പിന്നോട്ടുവലിക്കുന്നത്. പട്ടുപാത(സിൽക് റൂട്ട്) കടന്നുപോകുന്ന മേഖലകള്‍ പിന്നീടു ചൈനയുടെ കൈവശം എത്തിപ്പെടുമോ എന്ന ആശങ്കയാണ് ഇതിനു പിന്നിൽ.
യൂറോപ്പിനെ ചൈന കൈയ്യടക്കുമോ എന്ന ഭീതിയിൽ ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾത്തന്നെ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ടെന്നു ചൈന പോളിസി ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധനും പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തകനുമായ സൽമാൻ റാഫി ഷെയ്ഖ് പറയുന്നു. അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലാണു യൂറോപ്യൻ രാജ്യങ്ങളുടെ ഭീതി യൂറോപ്യൻ യൂണിയനെത്തന്നെ ബാധിച്ചേക്കാമെന്നു വ്യക്തമാക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമാകാൻ ചൈനീസ് സർക്കാരിന്റെ ഭാഗത്തുനിന്നു വൻ സമ്മർദ്ദമാണു പല രാജ്യങ്ങളുടെയും മേലുള്ളത്. എന്നാൽ അതിനോടു നിസഹകരണം പുലർത്തുകയാണ് പല രാജ്യങ്ങളും. മാത്രമല്ല, ചൈനീസ് പദ്ധതികളിലെ നിഗൂഢതയും അവ്യക്തതയും ഈ രാജ്യങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. ‘ആരും തോൽക്കാത്ത അവസ്ഥ’യെന്നു ചൈന അവകാശപ്പെടുമ്പോഴും ആ വാദത്തെയും സംശയത്തോടെയാണു യൂറോപ്യൻ രാജ്യങ്ങൾ കാണുന്നത്. മാത്രമല്ല, ചൈനീസ് പദ്ധതികൾ നടപ്പാക്കി കടക്കെണിയിലാണ് പല രാജ്യങ്ങളുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ ഭാഗമായി ചൈന സമീപിച്ച ‘16 + 1’ രാജ്യങ്ങളിൽ 11 എണ്ണവും യൂറോപ്യൻ യൂണിയൻ അംഗങ്ങളാണ്. പദ്ധതി നടപ്പാക്കിയാൽ യൂറോപ്യൻ യൂണിയന്റെ ആഭ്യന്തര യോജിപ്പിനെ അതു ബാധിക്കും. രാജ്യത്തെ സാങ്കേതികവിദ്യയ്ക്കു ബദലായി ചൈനീസ് ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നത് ചെറുക്കാനുള്ള നിയമം ജർമനി തയാറാക്കുകയാണ്. ചൈനയുടെ പട്ടുപാത അവർക്കുമാത്രം നേട്ടം കൊണ്ടുവരുന്നതാകാൻ പാടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അടുത്തിടെ പ്രസ്താവിച്ചിരുന്നു.
ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ചൈനയ്ക്കു തിരിച്ചടിയായേക്കുമെന്നാണു ഷെയ്ഖിന്റെ വിലയിരുത്തൽ. അങ്ങനെയായാൽ കടിഞ്ഞാണില്ലാതെ നിക്ഷേപം നടത്തുന്നതിൽനിന്നു നിയമം ചൈനയെ തടയും. നിക്ഷേപ വിവരങ്ങൾ നിർബന്ധമായും യൂറോപ്യൻ യൂണിയനിലെ ഓരോ രാജ്യങ്ങളുമായും യൂറോപ്യൻ കമ്മിഷനുമായും പങ്കുവയ്ക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ചൈനയെ നേരിടാൻ പൊതുവായ നയം സ്വീകരിച്ചില്ലെങ്കിൽ യൂറോപ്പിനെ വിഭജിക്കുന്നതിൽ ചൈന വിജയിക്കുമെന്നും ഷെയ്ഖിന്റെ ലേഖനം പറയുന്നു.