മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയർ സ്റ്റാറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ വിപുൽ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈയിൽ വച്ചായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം ഇയാളെ സിബിഐ ഓഫിസിൽ വിളിച്ചു വരുത്തി രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
ഗീതാഞ്ജലി ഗ്രൂപ്പ് മാനേജർ നിതൻ ഷാഹിയും മറ്റു നാലു പേരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. മൂന്നു വർഷമായി ചീഫ് ഫിനാൻഷ്യൽ ഓഫിസർ പദവിയിലുള്ള വിപുൽ അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിയുടെ അനുജൻ നാഥുഭായ് അംബാനിയുടെ മകനാണ്. വിപുൽ അംബാനിയുടെ പാസ്പോർട്ട് സിബിഐ മരവിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കെമിക്കൽ എൻജിനീയറിങ് പഠിച്ച ശേഷം റിലയൻസ് ഇൻഡസ്ട്രീസിലാണു വിപുൽ അംബാനിയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട്, റിലയൻസ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി.
2009 വരെ ടവർ ക്യാപിറ്റൽ ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി. കറോക്സ് ടെക്നോളജീസ്, കൊണ്ടാൻഗോ ട്രേഡിങ് ആൻഡ് കമ്മോഡിറ്റി എന്ന സ്ഥാപനത്തിലും ഉന്നത പദവികൾ വഹിച്ച ശേഷം 2014ലാണു നീരവ് മോദിയുടെ ഫയർ സ്റ്റാർ കമ്പനിയിൽ ചേർന്നത്.