കോഴിക്കോട് ∙ തുടർച്ചയായി കൊലപാതകങ്ങൾ നടത്തുന്ന സിപിഎം ഭീകരസംഘടനയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂർ ഷുഹൈബ് വധം ഇതിനു തെളിവാണ്. ഷുഹൈബ് വധത്തിനു പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചനക്കാരെ കണ്ടെത്തണം. ഈ വധത്തിനു പിന്നിലെ പ്രതികളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വെളിപ്പെടുത്തണമെന്നും ചെന്നിത്തല കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വധക്കേസിലെ പ്രതികൾ കീഴടങ്ങിയതല്ലെന്നും പൊലീസ് പിടികൂടിയതാണെന്നുമുള്ള ഡിജിപി രാജേഷ് ദിവാന്റെ അവകാശം പൊലീസ് അന്വേഷണ നടപടികളെ മുഴുവൻ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്. പൊലീസ് കസ്റ്റഡിയിൽ ഉള്ളത് യഥാർഥ പ്രതികൾ അല്ലെന്നും പൊലീസിന്റെ ശല്യം സഹിക്കാതെ കീഴടങ്ങിയവരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുമ്പോൾ ഡിജിപി പറഞ്ഞതിന്റെ യുക്തി മനസിലാകുന്നില്ല. കണ്ണൂരിൽ നടന്ന ഒരു കൊലക്കേസിൽ ഉത്തരവാദിത്തരഹിതമായ പ്രസ്താവന കോടിയേരി നടത്തുമെന്നു കരുതുന്നില്ല. പ്രാദേശിക സിപിഎം നേതാക്കൾക്കൊപ്പം പ്രതികൾ കീഴടങ്ങിയെന്ന ആദ്യ വിവരം പൊലീസ് നിഷേധിച്ചിട്ടുമില്ല. ഒന്നര ദിവസം കഴിഞ്ഞു ഡിജിപി പത്രസമ്മേളനം നടത്തി കാര്യങ്ങൾ നിഷേധിക്കുന്നതു സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന പാർട്ടിയുടെ സെക്രട്ടറിയെ വിശ്വസിക്കണോ, ഡിജിപിയെ വിശ്വസിക്കണോ എന്നും ചെന്നിത്തല ചോദിച്ചു.
യഥാർഥപ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം ഉത്തരം പറയണം. അന്വേഷണവിവരങ്ങൾ ചോരുന്നുവെന്നാണ് കണ്ണൂർ എസ്പി പോലും പറയുന്നത്. ഇതിനിടെ കേന്ദ്ര ഡപ്യൂട്ടേഷനിൽ ഏതു സമയവും പോകാൻ കാത്തിരിക്കുന്ന റേഞ്ച് ഐജിയെ അന്വേഷണം ഏൽപ്പിക്കുന്നത് എന്തിനെന്ന് അറിയില്ല. അന്വേഷണ സംഘത്തിൽ കോൺഗ്രസിനു വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കൊലപാതകത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സൂചനയുളള സാഹചര്യത്തിൽ കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ച നേതാക്കൾക്കെതിരെ ഈ വകുപ്പിൽ കേസെടുത്ത് നടപടി സ്വീകരിക്കണം. കോൺഗ്രസ് പ്രവർത്തകർ ഈ കൊലപാതകം വലിയ വിഷയമാക്കിയെന്നാണ് സിപിഎം പറയുന്നത്. അക്രമസംഭവങ്ങളിൽ മുഴുകുന്ന സിപിഎമ്മിന് ഈ കൊലപാതകം സാധാരണ സംഭവം പോലെയാകും തോന്നുകയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കണ്ണൂരിലെ കൊലപാതകങ്ങൾക്ക് സിപിഎമ്മും ബിജെപിയുമാണ് നേതൃത്വം നൽകുന്നത്. പൊലീസിലെ തന്നെ ചാരന്മാർ അന്വേഷണം അട്ടിമറിക്കുന്നെന്ന് എസ്പി പറയുമ്പോൾ അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ എങ്ങനെ പറയും. കേസിൽ ആരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.