Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടക്കോഴിമല എന്നും ‘ചെങ്കോട്ട’; കൊടി സുനിക്കു വലവിരിച്ചത് ഇലയനക്കമില്ലാതെ

Kodi Suni കൊടി സുനി

കേരളത്തെ നടുക്കിയ സംഭവമായിരുന്നു ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം. സമാനമായ രീതിയിലാണ് മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഷുഹൈബും ദിവസങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായിരുന്നു രണ്ടു വധങ്ങള്‍ക്കു പിന്നിലും. ടി.പി. വധക്കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ക്കഴിഞ്ഞ മുടക്കോഴി മലയിലാണ് ഷുഹൈബിന്റെ ഘാതകരെ തേടി പൊലീസ് തിരച്ചില്‍ നടത്തിയത്.

ടി.പി. കേസിനിടെ പലതവണ റെയ്ഡിന്റെ വിവരങ്ങള്‍ പൊലീസില്‍നിന്നുതന്നെ ചോര്‍ന്നു. ഷുഹൈബ് കേസിനിടെ വിവരങ്ങള്‍ ചോരുന്നതായി പൊലീസില്‍നിന്നു പരാതി ഉയരുന്നു. ടി.പി. വധം നടക്കുമ്പോള്‍ രാജേഷ് ദിവാനായിരുന്നു ഉത്തരമേഖലാ എഡിജിപി. ഇപ്പോള്‍ ഉത്തരമേഖലയുടെ ചുമതലയുള്ള ഡിജിപിയാണ് രാജേഷ് ദിവാന്‍.

Read at: താഴ്‌വാരങ്ങൾ പാർട്ടിഗ്രാമങ്ങൾ, പൊലീസിനെ കണ്ടാൽ

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിത കൊലപാതകമായ ടിപി വധത്തിനു പിന്നിലെ 43 പ്രതികളെ 41 ദിവസം കൊണ്ടു പിടികൂടാന്‍ കഴിഞ്ഞതു കേരള പൊലീസിന്റെ ചരിത്ര നേട്ടങ്ങളിലൊന്നായിരുന്നു. ടിപി വധക്കേസ് അന്വേഷണത്തിലേക്ക്..

2012 മേയ് 4 വെള്ളി രാത്രി 10.45 

TP Case | Facebook ടിപി കേസ് പ്രതികൾ ജയിലിനുള്ളിൽ (ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം)

വടകര കൈനാട്ടിക്കു സമീപം വള്ളിക്കോട് ടൗണിലൂടെ ബൈക്കില്‍ പോകുകയായിരുന്ന ഒരാളെ ഇന്നോവ കാറിലെത്തിയ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കു നേരെ ബോംബെറിഞ്ഞ അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. വെട്ടേറ്റ് വികൃതമായിരുന്നു മുഖം. വാഹനത്തിന്റെ നമ്പരില്‍നിന്നും മറ്റു ചില സൂചനകളില്‍നിന്നുമാണു കൊല്ലപ്പെട്ടത് ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനാണെന്നു നാട്ടുകാര്‍ തിരിച്ചറിയുന്നത്.

വാര്‍ത്ത വേഗത്തില്‍ പ്രചരിച്ചു. ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തേക്കു പാഞ്ഞെത്തി. കേസിന്റെ ഗൗരവം മനസിലാക്കിയ സര്‍ക്കാര്‍ എഡിജിപി വിന്‍സന്റ് എം. പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേരള പൊലീസിന്റെ ചിരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണ പരമ്പരയ്ക്ക് അവിടെ തുടക്കമായി.

Read at: വീണ്ടും മുടക്കോഴി എന്ന ഒളിയിടം!

TP Chandrasekharan Murder | Kodi Suni കൊടി സുനി

സംഘാംഗങ്ങളുടെ ആദ്യയോഗത്തില്‍ വിന്‍സന്‍ എം. പോള്‍ നല്‍കിയ നിര്‍ദേശം ഇതായിരുന്നു - 'ശാസ്ത്രീയ അന്വേഷണ മാര്‍ഗങ്ങള്‍ മാത്രമേ പ്രതികളെ പിടികൂടുന്നതിനും ചോദ്യംചെയ്യുന്നതിനും സ്വീകരിക്കാവൂ. ഒരാളെ ഇടിച്ച് ഉത്തരം പറയിച്ചാല്‍ ഭാഗികമായ തെളിവുകളേ കിട്ടൂ. മറിച്ചു ശാസ്ത്രീയമായ രീതിയില്‍ ചോദ്യംചെയ്താല്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത തെളിവുകള്‍ പോലും കിട്ടും.' 

ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഎജി അനൂപ് കുരുവിള ജോണിനെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന എഡിജിപിയുടെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തെയും ഭാഗമാക്കി. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ തന്നെ വേണമെന്ന എഡിജിപിയുടെ നിലപാടാണു കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.വി. സന്തോഷ്, തലശ്ശേരി ഡിവൈഎസ്പി എ.പി. ഷൗക്കത്തലി, വടകര ഡിവൈഎസ്പി ജോസി ചെറിയാന്‍, കുറ്റ്യാടി സിഐ വി.വി. ബെന്നി എന്നിവരെയും സംഘത്തിന്റെ ഭാഗമാക്കിയത്. ഇതുകൂടാതെ, ഇവരെ സഹായിക്കാന്‍ നിരവധി പ്രത്യേക സംഘങ്ങളും. ഈ സംഘങ്ങളിലെ സാധാരണ പൊലീസുകാരാണ് ജീവന്‍ പണയംവച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു പ്രതികളെ പിടികൂടിയത്. 

TP Case | Facebook ടിപി കേസ് പ്രതികൾ ജയിലിനുള്ളിൽ (ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം)

അന്വേഷണം തുടങ്ങി ആദ്യ പത്തു ദിവസം, കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നു പഠിക്കാൻ, ടിപി കൊല്ലപ്പെട്ട വടകര വള്ളിക്കാട് ജംക്‌ഷനില്‍നിന്നു പൊലീസ് പിറകിലേക്കു സഞ്ചരിച്ചു. കണ്ണൂര്‍ - കോഴിക്കോടു ജില്ലയിലെ ലക്ഷക്കണക്കിനു ഫോണ്‍ കോളുകള്‍ പരിശോധനയ്ക്കു വിധേയമാക്കി. തിരുവനന്തപുരത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലില്‍ പ്രത്യേക വിഭാഗം തന്നെ ഇതിനായി ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് ചില സിപിഎം നേതാക്കള്‍ക്കു പ്രതികളുമായുള്ള ബന്ധം മനസ്സിലാകുന്നത്. 

കൊടി സുനിയെ കുടുക്കാന്‍ ഗൂഗിള്‍ മാപ്പ്

TP Case | Facebook ടിപി കേസ് പ്രതികൾ ജയിലിനുള്ളിൽ (ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം)

ടിപി വധക്കേസിലെ പ്രതികളുമായി ബന്ധമുള്ളവരുടെയെല്ലാം ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പലതവണ പൊലീസ് പ്രതികള്‍ക്കടുത്തെത്തിയെങ്കിലും റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നു. ഒടുവില്‍ ആ നിര്‍ണായക വിവരമെത്തി - കൊടിസുനിയും സംഘവും ജില്ലയിലെ ഏറ്റവും പ്രധാന പാര്‍ട്ടി ഗ്രാമങ്ങളിലൊന്നായ മുഴക്കുന്ന് മുടക്കോഴി മലയിലുണ്ട്. പലതവണ ചോര്‍ന്ന റെയ്ഡ് വിവരം ഇത്തവണ പുറത്തുപോകാതിരിക്കാന്‍ അതീവ രഹസ്യമായാണ് അന്വേഷണസംഘം കൊടി സുനിയെ തേടി മല കയറാന്‍ പദ്ധതി തയാറാക്കിയത്.

മല കയറണമെങ്കില്‍ ആദ്യം മലയെക്കുറിച്ചറിയണം. കുന്നുകളും ഇടുങ്ങിയ റോഡുകളും നിറഞ്ഞ മുഴക്കുന്നില്‍ പകല്‍പോലും പുറമെ നിന്നെത്തുന്ന ആളുകളും വാഹനങ്ങളും സിപിഎം പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ചെങ്കുത്തായ മല കയറി മുകളില്‍ എത്തുമ്പോഴേക്കും ഒളിവില്‍ കഴിയുന്നവര്‍ രക്ഷപ്പെട്ടേക്കാം. മലയല്‍നിന്ന് എല്ലാഭാഗത്തേക്കും ധാരാളം വഴികളുമുണ്ട്. 

വിവരം ചോരാന്‍ സാധ്യതയുള്ളതിനാല്‍ ലോക്കല്‍ പൊലീസിന്റെ സഹായം തേടാതെ അന്വേഷണ സംഘം ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചു. കൊടി സുനി മുടക്കോഴിയിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റാരൊക്കെയാണ് കൂടെയുള്ളത് എന്നു വ്യക്തമായിരുന്നില്ല. ആയുധങ്ങളുമായുള്ള ചെറുത്തുനില്‍പ്പ് ഉണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നതിനാല്‍ വേണ്ടത്ര മുന്‍കരുതലോടെയാണു സംഘം മലകയറിയത്.

Trouser Manojan | TP Case ട്രൗസർ മനോജ്

നേരത്തേ പലതവണ റെയ്ഡ് വിവരം ചോര്‍ന്ന് അന്വേഷണസംഘത്തിന് വെറുംകയ്യോടെ മടങ്ങേണ്ട ഗതികേടുണ്ടായതിനാല്‍ ഇത്തവണ ഓപ്പറേഷന് അംഗങ്ങളെ ഏകോപിപ്പിച്ചതു പ്രത്യേക ശ്രദ്ധയോടെയാണ്. ഉന്നതോദ്യോഗസ്ഥരുടെ വിശ്വസ്തര്‍ മാത്രമായിരുന്നു സംഘത്തില്‍. എഐജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക ആലോചന നടത്തി. ഓപ്പറേഷന്‍ രാത്രി നടത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. 

മലയുടെ വശങ്ങളിലൂടെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ മുഴക്കുന്ന്, തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. പതിവു വാഹന പരിശോധനയ്‌ക്കെന്നു തോന്നിക്കുന്ന വിധത്തിലായിരുന്നു പൊലീസിന്റെ നില്‍പ്പ്. ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയില്‍നിന്ന് ടിപ്പര്‍ ലോറിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മുഴക്കുന്നില്‍ എത്തി. ചെങ്കല്ല് എടുക്കുന്ന സ്ഥലമായതിനാലാണ് ടിപ്പര്‍ തിരഞ്ഞെടുത്തത്.

ചെങ്കല്‍ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. വടകരയില്‍നിന്ന് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഉളിയില്‍, തില്ലങ്കേരി വഴി പെരിങ്ങാനത്ത് എത്തിയ ശേഷമാണു സംഘം മലയിലേക്കു കയറിയത്. മാഹിയില്‍നിന്നു മറ്റൊരു ചെറുസംഘം ഉരുവച്ചാല്‍, മാലൂര്‍ വഴി പുരളിമലയുടെ മുകളില്‍നിന്ന് താഴോട്ടിറങ്ങി മലയിലെത്തി. മൂന്നാമത്തെ സംഘം മുഴക്കുന്ന് കടുക്കാപ്പാലം വഴി മുടക്കോഴി മലയിലേക്കു കയറിയെത്തി. മൊബൈല്‍ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം. 

പുലര്‍ച്ചെ രണ്ടു മണിക്കാണ് പൊലീസ് സംഘം അടിവാരത്തെത്തുന്നത്. അപ്പോഴേക്കും മഴ തുടങ്ങി. സംഘത്തിന് മഴ ഉപദ്രവവും അനുഗ്രഹവുമായി. മഴ കനത്തതോടെ മല കയറ്റം ദുഷ്‌കരമായി. മൊബൈല്‍ ഫോണുകള്‍ നനഞ്ഞു കേടായി. പക്ഷേ, മഴയുടെ ശബ്ദത്തില്‍ പൊലീസിന്റെ ചലനശബ്ദങ്ങള്‍ ആരും കേള്‍ക്കാത്തതു ഗുണം ചെയ്തു. സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാല്‍ പൊലീസിനു നാലു കിലോമീറ്ററോളം കൂടുതല്‍ നടക്കേണ്ടി വന്നു. ഒളിസങ്കേതം കണ്ടെത്തുമ്പോള്‍ സമയം പുലര്‍ച്ചെ നാലുമണി. 

മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയില്‍ റോഡില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്ന ചെരുവിലായിരുന്നു കൊടി സുനിയുടെ കൂടാരം. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റില്‍ നിലത്ത് പ്ലാസ്റ്റിക് വിരിച്ച് അതിനു മുകളില്‍ കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്.  കൂടാരം വളഞ്ഞ് പൊലീസ് അകത്തു കടക്കുമ്പോള്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിലായിരുന്നു.

പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കു ചൂണ്ടി എതിരിടാനായി ശ്രമം. അരമണിക്കൂര്‍ നീണ്ട ബലപ്രയോഗത്തിലൂടെ സംഘത്തെ പൊലീസ് കീഴടക്കി. ജനവാസ കേന്ദ്രത്തില്‍നിന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള പ്രദേശമായതിനാലും പാര്‍ട്ടി ഗ്രാമമെന്ന നിലയില്‍ ഒരിക്കലും പൊലീസ് കയറില്ലെന്ന് ഉറച്ചു വിശ്വസിച്ചതിനാലും നാട്ടുകാരും പ്രതികളെ ഒളിപ്പിച്ചവരും പൊലീസ് ഓപ്പറേഷന്‍ അറിഞ്ഞതേയില്ല.

നേരത്തെ, പൊലീസില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റതിനെത്തുടര്‍ന്നാണ് മുഴക്കുന്നിലെ മലഞ്ചരുവില്‍ ഒളിവില്‍ താമസിക്കാന്‍ കൊടി സുനിയും സംഘവും തീരുമാനിച്ചത്. മുടക്കോഴി മലമുകളിലേക്കുള്ള രണ്ടു കിലോമീറ്റര്‍ ദൂരം സുനി കയറിയതു കൂടെയുള്ളവരുടെ കൈത്താങ്ങിലാണ്. സുനിയുടെ കാലിലെ പരുക്കു ഭേദമാകാത്തതു താവളം മാറാന്‍ തടസ്സമായി. 

മുംബൈ - ഗോവ അതിര്‍ത്തിയില്‍നിന്നു ടി.കെ. രജീഷ്

രജീഷിനെ തേടി രണ്ടു സംഘങ്ങളാണ് പൊലീസ് യാത്ര തിരിച്ചത്. സിഐ ആസാദിന്റെയും വിനോദ് കുമാറിന്റെയും നേതൃത്വത്തില്‍. സംഘം ആദ്യം പോയതു മുംബൈയിലേക്കാണ്. കണ്ണൂരില്‍നിന്നു നിരവധിപേരാണു ബേക്കറി ബിസിനസിനായി മുംബൈയിലേക്കു പോയിട്ടുള്ളത്. മിക്കവരും പാര്‍ട്ടി അനുഭാവികൾ. ഇവരുടെ അടുത്തേക്ക് രജീഷ് പോയിരിക്കാമെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു മുംബൈയിലെ തിരച്ചില്‍. പക്ഷേ, രജീഷിനെ കണ്ടെത്താനായില്ല. സംഘം മടങ്ങാനൊരുങ്ങുമ്പോഴാണ് പുതിയ ഒരു വിവരം ലഭിക്കുന്നത്. ‘രജീഷിന്‍റെ നാട്ടുകാരില്‍ ചിലര്‍ മഹാരാഷ്ട്ര - ഗോവ അതിര്‍ത്തിയില്‍ ബേക്കറി ബിസിനസ് നടത്തുന്നുണ്ട്. അവരില്‍ ചിലര്‍ ഇടയ്ക്കിടെ മുംബൈയിലേക്കു വരാറുണ്ട് ’ - ഇതായിരുന്നു ഒരു മലയാളിയില്‍നിന്നു ലഭിച്ച വിവരം. തീരെ ചെറിയ സാധ്യതയാണെങ്കിലും പോയി നോക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.

മഹാരാഷ്ട്രയിലെ ബക്ഷി എന്ന സ്ഥലത്ത് നിരവധി മലയാളികളുണ്ട്. കൃഷിക്കും ബേക്കറി ബിസിനസിനുമായി വര്‍ഷങ്ങള്‍ക്കുമുന്‍പു കുടിയേറിയവര്‍. ബക്ഷിക്കടുത്ത് സാവന്തവാടി എന്ന സ്ഥലത്ത് മലയാളികള്‍ താമസിക്കുന്ന മേഖലകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും രജീഷിനെ കണ്ടെത്താനായില്ല. ഗ്രാമത്തിലെ വിജനമായ വഴികളിലൂടെ മടക്കയാത്ര ആരംഭിച്ച സംഘത്തിന്റെ വാഹനം പെട്ടെന്ന് കേടായി.

വാഹനം നന്നാക്കാനുള്ള ശ്രമത്തിനിടയിലാണ് ബൈക്ക് യാത്രക്കാരനായ ഒരാള്‍ സഹായവാഗ്ദാനവുമായി വാഹനത്തെ സമീപിക്കുന്നത്. ആള്‍ മലയാളിയാണ്. ഗ്രാമത്തിലെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ, വന്ന കാര്യം അന്വേഷണസംഘം വെളിപ്പെടുത്തി. അവിടെ പുതിയ വഴി തുറന്നു. കണ്ണൂര്‍ സ്വദേശി ഗ്രാമത്തിന്റെ ഒരുഭാഗത്ത് താമസിക്കുന്നുണ്ടെന്നുള്ള വിവരമാണ് വന്നയാള്‍ കൈമാറിയത്. പുതിയൊരാള്‍കൂടി അയാളോടൊപ്പം വന്നിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിക്ക് ‘ഓപ്പറേഷന്‍ രജീഷ്’ ആരംഭിച്ചു. സംഘാംഗങ്ങളില്‍ മൂന്നുപേര്‍ വീടിന്റെ മുന്‍വശത്ത് നിലയുറപ്പിച്ചു. രണ്ടുപേര്‍ പുറകില്‍. വീടിനു മുന്നില്‍ രണ്ടു ജോഡി ചെരുപ്പുകളുണ്ടായിരുന്നതില്‍ ഒരു ജോഡി ചെരിപ്പുകള്‍ക്ക് വലിപ്പം കൂടുതലായിരുന്നു.

രജീഷ് തടിയുള്ളയാളാണ്. വീടിനുള്ളില്‍ രജീഷ് ഉണ്ടാകുമെന്ന സംശയം ബലപ്പെട്ടു. വാതിലില്‍ മുട്ടിയ സംഘം ചെറുത്തുനില്‍പിനു സാധ്യതയുള്ളതിനാല്‍ വശത്തേക്ക് മാറിനിന്നു. രജീഷിന്റെ സുഹൃത്താണ് വാതില്‍ തുറന്നത്. സിഐ ആസാദ് വാതില്‍ തള്ളിമാറ്റി തോക്കുമായി അകത്തേക്ക് കയറി. പ്രതീക്ഷ തെറ്റിയില്ല, രജീഷ് അകത്തുണ്ടായിരുന്നു. തോക്ക് കണ്ടതോടെ വലിയ എതിര്‍പ്പില്ലാതെ രജീഷ് കീഴടങ്ങി. രജീഷുമായി സംഘം മടങ്ങുമ്പോഴും ഓപ്പറേഷന്റെ കാര്യം ഗ്രാമവാസികളാരും അറിഞ്ഞില്ല. പിന്നീടു നടത്തിയ തിരച്ചിലില്‍ മൈസൂരില്‍നിന്നു സിജിത്തും ബെംഗളൂരുവില്‍നിന്ന് എം.സി. അനൂപും പിടിയിലായി. ഒരു പ്രതിക്കു പോലും കോടതിയില്‍ കീഴടങ്ങാന്‍ അവസരം നല്‍കിയില്ലെന്നത് അന്വേഷകരുടെ മറ്റൊരു നേട്ടമായി.