ഇന്ത്യക്കാർക്കു പെൺകുട്ടികളെ ‘ഇഷ്ടമില്ല’, ഞെട്ടിക്കുന്ന മരണനിരക്ക്; ഭേദം കേരളം

Representative Image

ന്യൂഡൽഹി∙ ഇന്ത്യയിൽ പെൺകുഞ്ഞുങ്ങൾക്കു രക്ഷയില്ലെന്നു യുനിസെഫ്. രാജ്യത്തു നവജാതശിശു മരണനിരക്കു വളരെ കൂടുതലാണെന്നും ഇതിൽ പെൺകുഞ്ഞുങ്ങളാണു അധികം മരണപ്പെടുന്നതെന്നും ഐക്യരാഷ്ട്ര സംഘടനയിൽ കുട്ടികളുടെ വിഭാഗമായ യുനിസെഫ് ചൂണ്ടിക്കാട്ടുന്നു.

ആൺകുഞ്ഞുങ്ങൾക്ക് അസുഖം വന്നാൽ ചികിത്സ തേടുന്നത്ര ഗൗരവം പെൺകുട്ടികളുടെ ആരോഗ്യത്തിൽ മാതാപിതാക്കൾ കാണിക്കുന്നില്ല. 2.6 കോടി കുട്ടികൾ ഒരു വർഷം ഇന്ത്യയിൽ ജനിക്കുമ്പോൾ 6.4 ലക്ഷവും മരിക്കുന്നു. ലോകത്ത് ഒരു വർഷം മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം 26 ലക്ഷമാണ്. മരണനിരക്കിൽ പെൺകുട്ടികളുടെ എണ്ണം കൂടുന്നതു ‍ഞെട്ടിപ്പിക്കുന്നതാണെന്നു യുനിസെഫ് റിപ്പോർട്ട് പറയുന്നു.

അഞ്ചു വയസ്സിൽ താഴെയുള്ളവരുടെ മരണനിരക്കിൽ പെൺകുഞ്ഞുങ്ങളാണു മുന്നിൽ. ജൈവപരമായി പെൺകുട്ടികൾ ശക്തരാണെങ്കിലും കരുതലില്ലാത്ത സാമൂഹികാവസ്ഥയാണു ദോഷകരമായി ബാധിക്കുന്നതെന്നു യുനിസെഫ് ഇന്ത്യ പ്രതിനിധി യാസ്മിൻ അലി ഹഖ് അഭിപ്രായപ്പെട്ടു. ജനനത്തിനു മുൻപേ പെൺകുട്ടികളോടുള്ള വിവേചനം തുടങ്ങുന്നതായും റിപ്പോർട്ട് പറയുന്നു.

സൗജന്യ ശിശു ചികിൽസയ്ക്കു മാത്രം എഴുനൂറിലധികം സർക്കാർ ആശുപത്രികൾ രാജ്യത്തുണ്ട്. എന്നാൽ, ഇവിടെ അഡ്മിറ്റ് ചെയ്യുന്നവരിൽ 60 ശതമാനവും ആൺകുട്ടികളാണ്. സമൂഹത്തിൽ പെൺകുട്ടികളോടുള്ള മനോഭാവമാണിതു കാണിക്കുന്നത്. ജോലിയും കൂലിയും നഷ്ടപ്പെടുത്തിയും വണ്ടിക്കാശു ചെലവാക്കിയും പെൺമക്കളെ ആശുപത്രിയിലെത്തിച്ചു ചികിൽസിക്കാൻ മിക്ക മാതാപിതാക്കൾക്കും താൽപര്യമില്ല.

ഇന്ത്യയിൽ ഇപ്പോഴും ആൺകുട്ടികൾ ജനിക്കാനാണു വീട്ടുകാർ ആഗ്രഹിക്കുന്നത്. നിയമവിരുദ്ധമാണെങ്കിലും മതപരമായ പല ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാൻ സ്ത്രീകൾക്ക് അവകാശമില്ലെന്നതാണു പ്രധാന കാരണമായി പറയപ്പെടുന്നത്. വിവാഹം, സ്ത്രീധനം ഉൾപ്പെടെയുള്ള ബാധ്യതയും പെൺകുട്ടികൾക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കുന്നത്.

ലിംഗനിർണയം നടത്തി പെൺഭ്രൂണഹത്യ ചെയ്യുന്ന രീതിയും രാജ്യത്തുണ്ട്. ഇന്ത്യയിലെ ലിംഗാനുപാതത്തെ തെറ്റിക്കുന്ന ഈ നടപടി കാരണം 63 ദശലക്ഷം സ്ത്രീകളെയാണു ‘കാണാതായത്’. പെൺകുട്ടികളെ സംരക്ഷിക്കാനും വിദ്യാഭ്യാസം ചെയ്യിപ്പിക്കാനുമായി നിരവധി പദ്ധതികളും പ്രചാരണങ്ങളും സർക്കാരും സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട്. എന്നാൽ കാര്യമായ മാറ്റമുണ്ടായില്ലെന്നാണു വിലയിരുത്തൽ.

നല്ലത് ജപ്പാൻ, പാക്കിസ്ഥാൻ ഭീകരം, ഭേദം കേരളം

നവജാതശിശു മരണനിരക്കു കൂടുതൽ പാക്കിസ്ഥാനിലെന്നു യുനിസെഫ്. പാക്കിസ്ഥാനിൽ പിറക്കുന്ന 22 കുട്ടികളിൽ ഒരാൾ ഒരുമാസമെത്തും മുൻപേ മരിക്കുന്നു. നവജാതശിശുക്കൾക്കു താരതമ്യേന ഇന്ത്യ സുരക്ഷിതമാണെങ്കിലും അയൽരാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നിവയേക്കാൾ പിന്നിലാണ്. ആയിരം കുട്ടികൾക്ക് 25.4 ആണ് ഇന്ത്യയിലെ നവജാതശിശു മരണനിരക്ക്. ശ്രീലങ്കയിൽ ഇത് 5.2 മാത്രം.

ജപ്പാനാണു ശിശുക്കൾക്കു ജനിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം. മരണം ആയിരത്തിൽ ഒന്നിൽ താഴെ. പാക്കിസ്ഥാനിൽ ആയിരത്തിൽ 45.6 കുട്ടികളും മരണപ്പെടുന്നു. സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക് (42.3), അഫ്ഗാനിസ്ഥാൻ (40), സൊമാലിയ (38.8), ലെസോത്തോ (38.5) എന്നിവയാണു ശിശുക്കൾക്കു നല്ലതല്ലാത്ത മറ്റു രാഷ്ട്രങ്ങൾ.

ജപ്പാനു തൊട്ടുപിന്നിൽ ഐസ്ഡലൻഡ് (1), സിങ്കപ്പുർ (1.1), ഫിൻലൻഡ് (1.2), സ്ലോവേനിയ (1.3) എന്നിങ്ങനെയാണു ശിശുസൗഹൃദ രാജ്യങ്ങൾ. ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ കേരളവും ഗോവയുമാണ്. ആയിരം ശിശുക്കളിൽ ഒരുമാസമെത്തും മുൻപേ മരിക്കുന്നവർ പത്തു മാത്രമാണ്. ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിരക്ക് ആയിരത്തിന് 44 ആണ്.