പാലക്കാട്∙ നാട്ടിലിറങ്ങിയ കൊമ്പനെയും കുട്ടികൊമ്പനെയും വയനാട്ടിൽ നിന്നെത്തിയ ആന വിദഗ്ധ സംഘം കാടുലക്ഷ്യമാക്കി ഒാടിച്ചുതുടങ്ങി. ഇടംവലം തിരിയാൻ അനുവദിക്കാതെ ഇരുവശത്തും പടക്കം എറിഞ്ഞും ബഹളംവച്ചുമാണ് ആനയെ തുരത്തത്തുന്നത്.
ചൊവ്വാ പുലർച്ചെ അഞ്ചോടെ പാലക്കാട് ടൗണിൽനിന്നു 10 കിലോമീറ്റർ ദൂരെ കോട്ടായി മന്ദംപുള്ളി മലയിലെത്തിയ വലിയ കൊമ്പനെയും അഞ്ചുവയസുള്ള ചെറിയ കൊമ്പനെയും വൈകിട്ടോടെ തുരത്തിയെങ്കിലും അവ ആലത്തൂർ കാവശേരിതോലം പുഴയിൽ നിൽക്കുകയാണു ചെയ്തത്. അവിടെനിന്നു തുരത്തിയതോടെ വന്നവഴി മടങ്ങി കോട്ടായിയിലെ പാലപ്പൊറ്റയിൽ നിലയുറപ്പിച്ചു. തുടർന്നാണു വയനാട്ടിൽനിന്നുള്ള ആദിവാസികൾ ഉൾപ്പെടുന്ന തുരത്തൽ സംഘമെത്തിയത്. ഇന്നു നാലരയോടെ തുടങ്ങിയ നടപടിയിൽ ആനകൾ അതിവേഗത്തിലാണു മുന്നോട്ടുപോകുന്നത്. ഒരു മണിക്കൂറിനുള്ളിൽ അവ ജനവാസ മേഖലകളിലൂടെയും വീടുകൾക്കിടയിലൂടെയും ഒാടി 12 കിലോമീറ്റർ പിന്നിട്ട് ഇപ്പോൾ പത്തിരിപ്പാലയ്ക്കുസമീപം ആറുപുഴയിലെത്തി. അവിടെനിന്നു റെയിൽവേ ട്രാക്കു മുറിച്ചുകടന്ന് ഭാരതപ്പുഴ താണ്ടി വേണം അയ്യർമലയിലെ കാട്ടിലെത്തിക്കാൻ.
പാലക്കാട് ഡിഎഫ്ഒ സുരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തിലുളള വനം–റവന്യൂ, പൊലീസ് സംഘമാണു നടപടികൾക്കു നേതൃത്വം നൽകുന്നത്. തുടർച്ചയായ യാത്ര കാരണം കുട്ടിയാന ക്ഷീണത്തിലാണെന്നു വനം അധികൃതർ പറഞ്ഞു. ഇന്നു തന്നെ കാടുകയറ്റാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. പലയിടത്തും ജനങ്ങളുടെ കൂട്ടം തുരത്തലിനു തടസമാകുന്നുണ്ട്.