തിരുവനന്തപുരം∙ സംസ്ഥാനത്ത് ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ആദിവാസികള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഏഴു വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്തത് 1,030 കേസുകൾ. പീഡനം, കൊലപാതകം, ആക്രമണം, മര്‍ദനം, അധിക്ഷേപം, ജാതിപേര് വിളിക്കല്‍ തുടങ്ങിയ സംഭവങ്ങളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. ഓരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എസ്‌സിആര്‍ബി) പട്ടികജാതി വകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വർഷംതോറുമുള്ള കേസുകളുടെ എണ്ണം ഇങ്ങനെ:
2011 - 2012 - 124
2012 - 2013 - 133
2013 - 2014 - 135
2014 - 2015 - 176
2015 - 2016 - 188
2016 - 2017 - 192
2018 ജനുവരി ഒന്നുവരെ 82 കേസുകള്‍
‘പട്ടികജാതികളും പട്ടിക വര്‍ഗങ്ങളും (അതിക്രമം തടയല്‍) ചട്ടങ്ങള്‍’ പ്രകാരം രൂപീകൃതമായ സംസ്ഥാനതല വിജിലന്‍സ് ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്കാണ് അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള പുനരധിവാസം, ധനസഹായം, നിയമം നടപ്പിലാക്കല്‍ എന്നിവയുടെ ചുമതല. ജില്ലാതലത്തിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കേസുകള്‍ കൂടുന്നതായി പട്ടികവര്‍ഗ വകുപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണം വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമസഹായം കൂടുതല്‍ ലഭിക്കുന്നതിനാലാണ് പരാതിക്കാരുടെ എണ്ണം കൂടുന്നതെന്ന വാദവും അവര്‍ ഉയര്‍ത്തുന്നു. ‘ഊരുക്കൂട്ടങ്ങളില്‍ ആദിവാസികള്‍ക്കു കൃത്യമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുകള്‍ നടക്കുന്നതു കേസുകളെ ബാധിക്കുന്നുണ്ട്’ - പട്ടികജാതി/പട്ടിക വര്‍ഗ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
എന്നാൽ പട്ടികവര്‍ഗ വകുപ്പിന് ആദിവാസികള്‍ക്കായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അതിന്റെ ഫലമാണ് ഇത്തരം ദുരന്തങ്ങളെന്നും ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഭീഷണിപ്പെടുത്തി കേസുകള്‍ പിന്‍വലിപ്പിക്കുകയാണ്. എസ്‌സി, എസ്ടി കമ്മിഷനു മുന്നിൽ ഒരു വര്‍ഷമെത്തുന്നത് ആയിരം കേസാണെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് അഞ്ചോ ആറോ കേസുകളിലായിരിക്കുമെന്നും അവര്‍ പറയുന്നു.
‘ആദിവാസികള്‍ക്കായി വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നതിന്റെ ഉദാഹരണമാണ് മധുവിന്റെ മരണം. കോടിക്കണക്കിനു രൂപയുടെ ഫണ്ട് ഉണ്ടായിട്ടും മധുവിനു പാര്‍പ്പിടം നല്‍കാനോ, ഭക്ഷണം നല്‍കാനോ, ചികില്‍സ നല്‍കാനോ വകുപ്പിനു കഴിഞ്ഞില്ല. പിന്നെ വകുപ്പിനെ കൊണ്ട് എന്താണു പ്രയോജനം’ - ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധന്യാ രാമന്‍ ചോദിക്കുന്നു.
ഫണ്ടുകള്‍ ചെലവഴിക്കുന്നതിലും പട്ടികവര്‍ഗ വകുപ്പിനു വലിയ വീഴ്ചയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷം 714 കോടി ബജറ്റില്‍ അനുവദിച്ചതില്‍ 85 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചിരിക്കുന്നത്.