Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച ആദിവാസി യുവതിക്ക് സുഖപ്രസവം

Tribal-woman ആദിവാസി യുവതി മണി നവജാത ശിശുവുമായി അട്ടപ്പാടി കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ

അഗളി (പാലക്കാട്)∙ പൂർണഗർഭിണിയായ ആദിവാസി യുവതിയെ 3000 അടി ഉയരെ വാഹന സൗകര്യമില്ലാത്ത ഊരിൽ നിന്ന്, മുളങ്കമ്പിൽ തുണി കെട്ടിയുണ്ടാക്കിയ മഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തി 10 മിനിറ്റിനകം യുവതി പ്രസവിച്ചു. യുവതിയെ തോളിലേറ്റി, കല്ലുകൾ നിറഞ്ഞ ചെങ്കുത്തായ മലമ്പാതയിലൂടെ അഞ്ചു വട്ടം പുഴ കടന്നു മൂന്നര കിലോ മീറ്ററാണു ഭർത്താവും അമ്മയും ബന്ധുക്കളും നടന്നത്. 

യാത്രയുടെ ക്ഷീണമൊന്നുമില്ലാതെ പെൺകുഞ്ഞിനു ജന്മം നൽകിയ ആദിവാസി യുവതി മണി (28) അട്ടപ്പാട്ടിയുടെ നാഥനായ മല്ലീശ്വരനു നന്ദി പറയുന്നു, തന്നെ തോളിലേറ്റിയവരെ കാത്തതിന്. കാട്ടുപാതയിലെയും പുഴയിലെയും പാറകളിൽ കാൽ വഴുതാതെ പുഴ കടക്കുന്നതു തന്റെ പേറ്റുനോവിനേക്കാൾ കഠിനമാണെന്നു മണിക്കറിയാം. 

പുതൂർ പഞ്ചായത്തിലെ ഇടവാണി ആദിവാസി ഊരിലാണു മണിയുടെ വീട്. മഴക്കാലമായാൽ പുറംലോകവുമായി ബന്ധമില്ല. വാഹനം ഊരു വരെ വരില്ല. മലയ്ക്കു താഴെ എത്തിയാലേ വണ്ടി കിട്ടൂ. തിങ്കൾ രാത്രിയാണു പ്രസവവേദന തുടങ്ങിയത്.

 ചൊവ്വ രാവിലെയായതോടെ കലശലായി. ഊരിലെ ചെറുപ്പക്കാർ മൊബൈലിനു റേഞ്ചുള്ള സ്ഥലത്തു നിന്നു പുതൂർ ആശുപത്രിയിൽ അറിയിച്ചപ്പോൾ ആംബുലൻസ് കട്ടപ്പുറത്ത്. വേറെ വാഹനം തേടിയ ശേഷം മലയിറങ്ങാൻ തുടങ്ങി.

അമ്മ നാഗിയും ഭർത്താവ് പഴനിയും ഊരിലെ സ്ത്രീകളുമാണു മഞ്ചൽ തോളിലേറ്റിയത്. മലയെ ചുറ്റിയൊഴുകുന്ന വരഗാർ പുഴ അഞ്ചിടത്താണു കടന്നത്.  

താഴെ ഭൂതയാറിൽ എത്തിയപ്പോൾ കുടുംബശ്രീ പ്രവർത്തകർ എത്തിച്ച ജീപ്പ് കാത്തു കിടപ്പുണ്ടായിരുന്നു.

 15 കിലോമീറ്റർ ദൂരെ കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിലെത്തുമ്പോൾ എല്ലാം സജ്ജമായിരുന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു. 

സംഭവത്തിൽ വനിതാ കമ്മിഷൻ ജില്ലാ കലക്ടറോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധ്യക്ഷ എം.സി.ജേ‍ാസഫൈൻ അറിയിച്ചു.

ഇടവാണി ഊരിലേക്കു പ്രധാനമന്ത്രി സഡക് യോജന പ്രകാരം ഒൻപതരക്കോടി രൂപ ചെലവിൽ പാത നിർമിക്കാൻ ശുപാർശയുണ്ടായെങ്കിലും തുടർനടപടിയുണ്ടായില്ല. വഴി വെട്ടാൻ വനം വകുപ്പിന്റെ തടസ്സവുമുണ്ട്.

related stories